25 മണിക്കൂറും 30 മിനിറ്റുമാണ് കൗണ്ട്ഡൗണ്‍ നീളുക. കൗണ്ട്ഡൗണില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. എല്‍വിഎം-3 റോക്കറ്റ് ദൗത്യത്തിന് പൂര്‍ണസജ്ജമെന്ന് ഐഎസ്ആര്‍ഒയും അറിയിച്ചു.ഇന്ന് ഉച്ചയ്ക്ക് 2.35 നാണ് വിക്ഷേപണം. ഏകദേശം 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുന്ന ദൗത്യത്തിലെ ലാന്‍ഡര്‍ ഓഗസ്റ്റ് 23ന് അല്ലെങ്കില്‍ 24ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നാണു പ്രതീക്ഷ. 2019 ജൂലായ് 22 ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ദൗത്യത്തിന്‍റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍ 3. വിക്രം എന്ന് പേരുള്ള ലാന്‍ഡറും, പ്രജ്ഞാന്‍ എന്ന് പേരുള്ള റോവറുമാണ് ഇത്തവണ വിക്ഷേപിക്കുന്നത്.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, ലാന്‍ഡര്‍മൊഡ്യൂള്‍, റോവര്‍ എന്നിവ ചേര്‍ന്നതാണ് ചന്ദ്രയാന്‍ 3 ദൗത്യം. ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രനിലേക്ക് ഇറങ്ങുമ്പോള്‍ റോവറാണ് ചന്ദ്രന്‍റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുക.ലാന്‍ഡറും റോവറും ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിക്കുകയെന്നതാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്‍റെ ദൗത്യം. ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.43.5 മെട്രിക് ടണ്‍ ഭാരമുള്ള എല്‍വിഎം 3 റോക്കറ്റിലാണ് ചന്ദ്രയാന്‍ 3 ഘടിപ്പിച്ചിട്ടുള്ളത്.
