ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്ര പരിവേഷണ ദൗത്യമായ ചന്ദ്രയാന്‍-3 ബഹിരാകാശ പേടകം അതിന്‍റെ അഞ്ചാമത്തെയും അവസാനത്തെതുമായ ഭ്രമണപഥം ഉയര്‍ത്തല്‍ ചൊവ്വാഴ്ച വിജയകരമായി പൂര്‍ത്തിയാക്കി. ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും മുമ്പുള്ള അവസാന ഭ്രമണപഥ മാറ്റമാണ് ചന്ദ്രയാന്‍-3 പൂര്‍ത്തിയാക്കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയ്ക്കാണ് അവസാന ഭ്രമണപഥം ഉയര്‍ത്തല്‍ നടന്നത്. ആഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ആഗസ്റ്റ് അഞ്ചിനോ ആറിനോ ആയിരിക്കും പേടകം ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിക്കുക. ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാല്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും ലാന്‍ഡറും തമ്മില്‍ വേര്‍പ്പെടും.ആഗസ്റ്റ് 17നായിരിക്കും ഈ പ്രക്രിയ. പിന്നെ മുന്നിലുള്ളത് സോഫ്റ്റ് ലാന്‍ഡിങ്ങ്.
ആഗസ്റ്റ് 23ന് വൈകിട്ട് 5.47 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാന്‍ഡിങ്ങ്. ബെംഗളൂരു ഇസ്ട്രാക്കിലെ കണ്‍ട്രോള്‍ സെന്‍ററില്‍ നിന്നാണ് പേടകത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.