വിജയവാഡ:371 കോടി രൂപയുടെ അഴിമതിക്കേസില്‍ അറസ്റ്റിലായ ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനു ജാമ്യമില്ല. വിജയവാഡ മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് കോടതി ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രാജമണ്ട്രി ജയിലിലേക്കാണു ചന്ദ്രബാബു നായിഡുവിനെ മാറ്റുക. ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ തെലുങ്കുദേശം പാര്‍ട്ടി ഉടന്‍ ഹൈക്കോടതിയെ സമീപിക്കും.സംസ്ഥാനമെമ്പാടും കനത്ത പൊലീസ് ജാഗ്രതയും കാവലുമാണ് സജ്ജീകരിച്ചിരിക്കുന്നത്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ കുറ്റകരമായ വിശ്വാസവഞ്ചന നടത്തിയെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് കോടതി ശരിവച്ചു. കോടതിയില്‍ നിന്ന് ഏതാണ്ട് മൂന്നു കിലോമീറ്റര്‍ ദൂരത്തുള്ള ജയിലിലേക്കുള്ള പാത മുഴുവന്‍ പൊലീസിന്‍റെയും പാരാമിലിറ്ററിയുടെയും വലയത്തിലാണുള്ളത്.
കനത്ത സുരക്ഷയിലാണു ചന്ദ്രബാബു നായിഡുവിനെ ഞായറാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കിയത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തന്നെ കേസില്‍പ്പെടുത്തുകയായിരുന്നെന്നാണു നായിഡു കോടതിയില്‍ പറഞ്ഞത്. സുപ്രീംകോടതി അഭിഭാഷകനായ സിദ്ധാര്‍ഥ് ലൂത്രയാണു ചന്ദ്രബാബു നായിഡുവിനു വേണ്ടി കോടതിയില്‍ ഹാജരായത്. നന്ദ്യാല്‍ ജില്ലയില്‍ പൊതുപരിപാടി കഴിഞ്ഞു കാരവനില്‍ ഉറങ്ങുന്നതിനിടെയാണ് ശനിയാഴ്ച ആന്ധ്ര പൊലീസിലെ സിഐഡി വിഭാഗം നായിഡുവിനെ കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ ആറിന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിജയവാഡയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
സംസ്ഥാനത്തു നൈപുണ്യ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന മികവിന്‍റെ കേന്ദ്രങ്ങള്‍ക്കായി 201518 കാലയളവില്‍ 3300 കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ സാങ്കേതിക പരിശീലനം ലഭ്യമാക്കാന്‍ 371 കോടി രൂപ വകയിരുത്തി. എന്നാല്‍, പണം കൈപ്പറ്റിയവര്‍പരിശീലനം നല്‍കിയില്ല. തുക വ്യാജ കമ്പനികള്‍ക്കാണു കൈമാറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി
