ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിലെ ആറാം പ്രതിയായ മോഹന്‍ നായക്കിനെതിരെ കര്‍ണാടക സംഘടിത കുറ്റകൃത്യം തടയല്‍ നിയമ (കെ.സി.ഒ.സി.എ) പ്രകാരം ചുമത്തിയ കുറ്റം കര്‍ണാടക ഹൈകോടതി റദ്ദാക്കിയത് സുപ്രീംകോടതി പുനഃസ്ഥാപിച്ചു.
ഗൗരി ലങ്കേഷിന്‍റെ സഹോദരി കവിത ലങ്കേഷ് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍കാര്‍, ദിനേശ് മഹേശ്വരി, സി.ടി. രവികുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്‍െറ നടപടി. ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യപ്രതികളെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായിച്ചയാളാണ് മോഹന്‍ നായക്. ഇയാള്‍ക്കെതിരെ 2018 ആഗസ്റ്റ് 14നാണ് കര്‍ണാടക പൊലീസ് കെ.സി.ഒ.സി.എ നിയമ പ്രകാരം കുറ്റം ചുമത്തിയത്. ഇതിനെതിരെ പ്രതി ഹൈകോടതിയെ സമീപിച്ചു. കഴിഞ്ഞ ഏപ്രില്‍ 22ന് കര്‍ണാടക ഹൈകോടതി കുറ്റം റദ്ദാക്കി. എന്നാല്‍, കെ.സി.ഒ.സി.എ നിയമത്തിന്‍െറ 24ാം വകുപ്പ് ലംഘിക്കുകയാണ് ഹൈകോടതി വിധിയിലൂടെ നടന്നതെന്ന് കവിത ലങ്കേഷ് ചൂണ്ടിക്കാട്ടി. എ.ഡി.ജി.പി റാങ്കില്‍ കുറയാത്ത പൊലീസ് ഓഫിസറുടെ അനുമതിയോടെ മാത്രമേ പ്രസ്തുത നിയമത്തിലെ ഏതെങ്കിലും കുറ്റം കോടതിക്ക് ഒഴിവാക്കാനാവൂ. എന്നാല്‍, ഈ കേസില്‍ അത് നടന്നിട്ടില്ലെന്ന് ഹരജിയില്‍ വ്യക്തമാക്കി. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത പ്രതിക്കെതിരെ കെ.സി.ഒ.സി.എ ചുമത്തണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യമുന്നയിക്കുന്നതെന്തിനാണെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു.
ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയശേഷം പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കുന്നതില്‍ സജീവമായി ഇടപെട്ട പ്രതിയാണ് മോഹന്‍ നായകെന്ന് എസ്.ഐ.ടി കണ്ടെത്തിയതായി സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കി. ആക്ടിവിസ്റ്റുകളായ നരേന്ദ്ര ദാഭോല്‍കര്‍, ഗോവിന്ദ് പന്‍സാരെ അടക്കമുള്ളവരെ കൊലപ്പെടുത്തിയ സംഭവങ്ങളിലടക്കം മുഖ്യ പ്രതികളായ അമോല്‍ കാലെ, പ്രകാശ് ബംഗ്ര എന്നിവരുമായി മോഹന്‍ നായക് ഗൂഢാലോചന നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്ന് കവിത ലങ്കേഷ് സമര്‍പ്പിച്ച ഹരജിയിലും ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് ബംഗളൂരു ആര്‍.ആര്‍ നഗറിലെ വീട്ടുമുറ്റത്ത് 2017 സെപ്റ്റംബര്‍ അഞ്ചിന് രാത്രി എട്ടോടെയാണ് വെടിയേറ്റു കൊല്ലപ്പെട്ടത്.
