മാവൂര്‍: ഗ്രാസിം ഫാക്ടറി സ്വന്തമായി വാങ്ങിയ 80 ഏക്കര്‍ ഭൂമി ഭൂപരിഷ്കരണ നിയമ പ്രകാരം ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നത് നിലവില്‍ സര്‍ക്കാറിന്‍െറ പരിഗണനയിലില്ലെന്ന് വ്യവസായ മന്ത്രി പി. രാജീവ്. പി.ടി.എ. റഹീം എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. ഫാക്ടറിക്ക് അക്വയര്‍ ചെയ്ത് നല്‍കിയ 240.39 ഏക്കര്‍ ഭൂമിയില്‍ വ്യവസായ സംരംഭം തുടങ്ങാന്‍ തടസ്സമായി നില്‍ക്കുന്ന വിഷയങ്ങള്‍ പരിഹരിക്കാന്‍ ഈ സര്‍ക്കാര്‍ മാനേജ്മന്‍െറുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു. വ്യവസായ ആവശ്യത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ ഭൂമി തിരികെ ഏറ്റെടുക്കാനും ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തുടങ്ങുന്നതിന് കിന്‍ഫ്രക്ക് അനുവദിക്കാനൂം 10.10.2017ലെ ഉത്തരവ് പ്രകാരം കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ ഉത്തരവിനെതിരെ ഫാക്ടറി മാനേജ്മന്‍െറ് ഹൈകോടതി മുമ്പാകെ റിട്ട് ഹര്‍ജി ബോധിപ്പിക്കുകയും സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. അതിനാല്‍ ഭൂമി തിരികെ ഏറ്റെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും മറുപടിയില്‍ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈകോടതിയുടെ മുന്നിലുള്ള കേസ് വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.