പനാജി: വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചാല്‍ ഗോവയിലെ എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി വീതം സൗജന്യമായി നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. 40 അംഗ ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് നടക്കേണ്ടത്.
‘ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി ലഭിക്കുകയാണെങ്കില്‍ എന്തുകൊണ്ട് ഗോവയിലെ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി ലഭിക്കില്ല’ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗോവയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാരെ കേജ്രിവാള്‍ രൂക്ഷമായി വിമര്‍ശിച്ചു.
എണ്ണം അനുസരിച്ച് പ്രതിപക്ഷത്തിരിക്കേണ്ടവര്‍ ഇപ്പോള്‍ ഗോവ ഭരിക്കുന്നുണ്ടെന്നും, ഭരണത്തിലിരിക്കേണ്ടവര്‍ ഇപ്പോള്‍ പ്രതിപക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ ബിജെപിയില്‍ ചേരുന്നതെന്നായിരുന്നു ഈ നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ അവകാശപ്പെടുന്നതുപോലെ അവര്‍ ജോലി ചെയ്തോ ഇപ്പോള്‍ ജനങ്ങള്‍ പറയുന്നത് പണത്തിന്‍റെ പ്രലോഭനത്തില്‍ വീണാണ് അവര്‍ കൂറുമാറിയതെന്നാണ്. ആളുകള്‍ക്ക് വഞ്ചിക്കപ്പെട്ടതായി തോന്നുന്നു.അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് ഗോവക്കാര്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിക്കോ കോണ്‍ഗ്രസിനോ വോട്ട് ചെയ്യില്ലെന്ന് പറയുന്നു.ഗോവ മാറ്റം ആഗ്രഹിക്കുന്നുവെന്ന് കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
