ഗോവയില്‍ ഏഴ് എം എല്‍ എമാര്‍ ബിജെപിയിലേക്കെന്ന് സൂചന

Kerala

പനാജി: ഗോവയില്‍ നിയമസഭ സമ്മേളനം ചേരാനിരിക്കെ ഏഴു കോണ്‍ഗ്രസ് എം എല്‍ എമാര്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. ഇവര്‍ ബിജെപിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുവെന്നും കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക് ചേക്കേറാന്‍ തയ്യാറെടുപ്പ് നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന പ്രചാരണം കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ മൈക്കള്‍ ലോബോ നിഷേധിച്ചു.ഗോവ നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്ന് കാണിക്കാനായി ബിജെപി നടത്തുന്ന വ്യാജപ്രചാരണമാണ് ഇതെല്ലാം എന്ന് ഗോവ പിസിസി അധ്യക്ഷന്‍ അമിത് പട്കര്‍ പറഞ്ഞു.ഈ വര്‍ഷം ആദ്യം നടന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന ദിംഗബര്‍ കാമത്ത് അടക്കമുള്ളവര്‍ എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുത്തില്ല എന്നാണ് വിവരം. മുന്‍ ഗോവ മുഖ്യമന്ത്രി കൂടിയായ കാമത്തിന്, മൈക്കിള്‍ ലോബോയെ പ്രതിപക്ഷ നേതാവാക്കിയതില്‍ അതൃപ്തിയുണ്ട് എന്നത് അഭ്യൂഹങ്ങള്‍ക്ക് ശക്തിയേകി .തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മാറിയ ലോബോയും തന്‍റെ മുന്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരുന്നതായും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഗോവ നിയമസഭാ സ്പീക്കര്‍ രമേഷ് തവാദ്കര്‍ റദ്ദാക്കി.
ഗോവയിലെ 40 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ ബി ജെ പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് (എന്‍.ഡി.എ) 25ഉം പ്രതിപക്ഷമായ കോണ്‍ഗ്രസിന് 11ഉം നിയമസഭാംഗങ്ങളാണുള്ളത്. നേരത്തെ 2019-ലും കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *