ഗെയിമിംഗ് സെന്‍ററില്‍ തീപിടിത്തം; മരിച്ചവരുടെ എണ്ണം 32 ആയി

Top News

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയിമിംഗ് സെന്‍ററില്‍ തീപിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. മരിച്ചവരില്‍ 12 പേര്‍ കുട്ടികളാണ്. അപകടം നടന്നു 24 മണിക്കൂര്‍ പിന്നിട്ടിട്ടും കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇതിനിടെ ഗെയിമിംഗ് സെന്‍റര്‍ ഉടമ ഉള്‍പ്പടെ ആറു പേര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.അവധിക്കാലത്തിന്‍റെ അവസാന മണിക്കൂറുകള്‍ ആഘോഷമാക്കുവാനെത്തിയ കുട്ടികള്‍, കുടുംബങ്ങള്‍, ഗെയ്മിംഗ് സെന്‍ററിലെ ദിവസ വേതനക്കാര്‍ തുടങ്ങി നിരവധിപേരാണ് കത്തിയമര്‍ന്നത്.
ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.അന്വേഷണത്തിന് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് ചുമതല. കത്തിയമര്‍ന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന തുടരുകയാണ്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന ദൗത്യം പൂര്‍ത്തിയായിട്ടില്ല. ശനിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് അപകടം.രണ്ടുവര്‍ഷമായി താത്കാലികമായി പ്രവര്‍ത്തിച്ചിരുന്ന ഗെയിമിംഗ് സെന്‍ററിന് ഫയര്‍ എന്‍ഒസി ഇല്ലായിരുന്നു. ഗെയിമിംഗ് സെന്‍ററിന്‍റെ ഉടമകളില്‍ ഒരാളായ യുവരാജ് സിംഗ് സോളങ്കിയും മാനേജരും ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. രാജ്കോട്ട് എയിംസിലും സിവില്‍ ആശുപത്രിയിലും ചികില്‍സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ആഭ്യന്തരമന്ത്രി ഹര്‍ഷ് സാംഘ്വിയും സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷവും പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *