റിയാദ്: ചരിത്രം കുറിച്ച് സൗദി ദേശീയ ഗെയിംസിന് തുടക്കം. സൗദി അറേബ്യയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന കായികമാമാങ്കത്തിന് ആരംഭം കുറിച്ച് വര്‍ണാഭമായ ഉദ്ഘാടന ചടങ്ങാണ് റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തില്‍ അരങ്ങേറിയത്.സല്മാന് രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ പ്രതിനിധീകരിച്ച് റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ഗെയിംസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.6,000-ത്തിലധികം കായികതാരങ്ങളും 2,000 സാങ്കേതിക വിദഗ്ധരും അഡ്മിനിസ്ട്രേറ്റീവ് സൂപര്‍വൈസര്‍മാരും പങ്കെടുക്കുന്ന ‘സൗദി ഗെയിംസ് 2022’ രാജ്യത്തെ ഏറ്റവും വലിയ ദേശീയ കായിക പരിപാടിയാണെന്ന് സംഘാടകര്‍ പറഞ്ഞു. വേദിയില്‍ എത്തിയ ഗവര്‍ണറെ കായിക മന്ത്രിയും സൗദി ഒളിമ്ബിക് ആന്‍ഡ് പാരാലിമ്ബിക് കമ്മിറ്റി ചെയര്‍മാനുമായ അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍-ഫൈസല്‍ സ്വീകരിച്ചു. സൗദി ഗെയിംസ് സംഘാടക സമിതി ചെയര്മാന് കൂടിയാണ് കായിക മന്ത്രി.ദേശീയ ഗാനത്തോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ ഒളിമ്ബിക്, പാരാലിമ്ബിക് കമ്മിറ്റിയുടെ പതാകകളും വഹിച്ച് അത്ലറ്റുകളുടെ മാര്‍ച്ച് നടന്നു.