കൊച്ചി ; നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികള്‍ അവസാനം ഹാജരാക്കിയ ആറ് ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് ലഭിക്കും.ഫോണുകളില്‍ നിന്നും നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് സംഘം. ഇതിനിടയില്‍ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും ക്രൈം ബ്രാഞ്ച് തുടങ്ങിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു കാട്ടി ദിലീപിന് ഉടന്‍ നോട്ടീസ് നല്‍കും. പ്രതികളുടെ ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെയും വരും ദിവസങ്ങളില്‍ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തും.ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ക്രൈംബ്രാഞ്ചിന്‍റെ നിര്‍ദ്ദേശം അനൂപിനും സുരാജിനും ലഭിച്ചു. തിങ്കളാഴ്ച ഹാജരാകണമെന്നാണ് സുരാജിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ആദ്യം പിടിച്ചെടുത്ത ഫോണുകളുടെ പരിശോധനാ ഫലം കിട്ടിയിട്ടുണ്ട്. കൂടുതല്‍ പേരില്‍ നിന്ന് അന്വേഷണ സംഘം ഉടന്‍ മൊഴിയെടുക്കും. ബുധനാഴ്ച ഹാജരാകണമെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് അനൂപിനു നോട്ടിസ് അയച്ചിരുന്നു. എന്നാല്‍, തന്‍റെ ബന്ധു മരിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി അനൂപ് ചോദ്യം ചെയ്യലിന് എത്തിയില്ല.വധഗൂഢാലോചന കേസില്‍, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്‍റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആര്‍ നിലനില്‍ക്കില്ലെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നു. കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഇതിനിടെ നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് നടി കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം അറിയിച്ചത്. കക്ഷി ചേരാന്‍ സമയം അനുവദിക്കണമെന്ന് നടി കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. കേസ് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.