ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണം : നടി ഹൈക്കോടതിയില്‍

Latest News

കൊച്ചി: ഹീനമായ കുറ്റകൃത്യമാണ് തനിക്കു നേരെ ഉണ്ടായതെന്ന് ആക്രമിക്കപ്പെട്ട നടി ഹൈകോടതിയില്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായ ദിലീപിന്‍റെ ഹരജിയെ എതിര്‍ത്തുകൊണ്ടാണ് ആക്രമിക്കപ്പെട്ട നടി ഇക്കാര്യങ്ങള്‍ ഹൈകോടതിയില്‍ പറഞ്ഞത്.തനിക്കെതിരെ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്നതു മാത്രമാണ് തന്‍റെ താല്‍പര്യമെന്ന് നടി അറിയിച്ചു.
സത്യം കണ്ടെത്തുന്നതിന് വേണ്ടിയാണ് തുടരന്വേഷണം. അതിനാല്‍ തുടരന്വേഷണം നടക്കണമെന്നും നടി പറഞ്ഞു.പ്രതിയുടെ അടുത്ത സുഹൃത്ത് എന്നു പറയുന്നയാളുടെ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളില്‍ കണ്ടതിനെ തുടര്‍ന്ന് ഉടന്‍തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. ഗൂഢാലോചന നടത്തിയോ ഇല്ലയോ എന്ന് അറിണമെങ്കില്‍ അന്വേഷണം ആവശ്യമാണ്. തനിക്ക് നേരെ നടന്ന കുറ്റകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരൊക്കെയാണെന്ന് അറിയണമെന്നും നടി കോടതിയില്‍ അറിയിച്ചു.തുടരന്വേഷണത്തെ എതിര്‍ത്തുകൊണ്ട് നടന്‍ ദിലീപ് ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ കക്ഷി ചേരണമെന്ന് കാണിച്ച് നടി നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. തുടര്‍ന്നാണ് തന്‍റെ ഭാഗം കോടതിയില്‍ നടി വിശദീകരിച്ചത്.
അതേസമയം, ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണിലെ നിര്‍ണ്ണായക വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ജനുവരി 29 ന് ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ ജനുവരി 30 നാണ് വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടത്. ഫോണുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയതിന്‍റെ പിറ്റേന്നാണ് ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്യപ്പെട്ടത്. ഫോണ്‍ ടാംപറിങ് സംബന്ധിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ ഷാജി ഹൈകോടതിയെ അറിയിച്ചു.
ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ 6 മൊബൈല്‍ ഫോണുകള്‍ ജനുവരി 31ന് രാവിലെ 10.15ന് റജിസ്ട്രാര്‍ ജനറലിന് മുദ്രവച്ച കവറില്‍ കൈമാറാന്‍ ജനുവരി 29നാണ് ഹൈകോടതി ഉത്തരവിട്ടത്. എന്നാല്‍ 30ന് ഫോണുകളിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തെന്നും ഫോര്‍മാറ്റ് ചെയ്തെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. എന്നാല്‍ ഫോണില്‍നിന്നു ചില വിവരങ്ങള്‍ തിരിച്ചെടുക്കാനായിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *