ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ഭൂപീന്ദര്‍ സിംഗ് ബജ്വ അധ്യക്ഷനായ മൂന്നംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. മഞ്ജുഷ കന്‍വാര്‍, എം. എം.സോമയ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് കമ്മിറ്റി രൂപീകരിച്ചത്.
സഞ്ജയ് സിംഗ് അധ്യക്ഷനായ പുതിയ ഭരണസമിതിയെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഫെഡറേഷന്‍റെ ചുമതല നിര്‍വഹിക്കുന്നതിന് വേണ്ടി അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് കായിക മന്ത്രാലയം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് കത്തയച്ചത്. ഇതേ തുടര്‍ന്നാണ് കമ്മിറ്റിയുടെ രൂപീകരണം.
വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് ബ്രിജ്ഭൂഷണ്‍സിംഗിന്‍റെ വിശ്വസ്തന്‍ സഞ്ജയ് സിംഗിന്‍റെ അധ്യക്ഷതയിലുള്ള പുതിയ ഗുസ്തി ഫെഡറേഷന്‍ സമിതിക്ക് കേന്ദ്ര കായിക മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. രാജ്യത്തെ നിയമ സംവിധാനങ്ങള്‍ ലംഘിച്ചുവെന്നാണ് വിലക്കിന് കേന്ദ്രത്തിന്‍റെ വിശദീകരണം.