ഗുസ്തി താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പി ടി ഉഷ

Latest News

ന്യൂഡല്‍ഹി: ജന്തര്‍ മന്ദറില്‍ രാപ്പകല്‍ സത്യാഗ്രഹം നടത്തി വരുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി ടി ഉഷ.
രാജ്യത്തെ പ്രതിനിധീകരിക്കുന്ന താരങ്ങള്‍ തെരുവില്‍ സമരം ചെയ്യുന്നത് ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് പി ടി ഉഷ വിമര്‍ശിച്ചു. തെരുവില്‍ സമരം ചെയ്യുന്നതിന് പകരം ഒളിംപിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടിയിരുന്നതെന്നും അവര്‍ അറിയിച്ചു. എന്നാല്‍ പി ടി ഉഷയില്‍ നിന്ന് പരുക്കന്‍ പ്രതികരണമല്ല മറിച്ച് പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്ന് ഗുസ്തി താരം ബജ്രംഗ് പൂനിയ അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടി അടക്കമുള്ള കായിക താരങ്ങള്‍ ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷനും ബി.ജെ.പി. എം.പിയുമായ ബ്രിജ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ലൈംഗിക പരാതി നല്‍കിയിട്ടും ഡല്‍ഹി പൊലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ല എന്നാരോപിച്ചാണ് ദേശീയ ഗുസ്തി താരങ്ങളടക്കം അഞ്ച് ദിവസമായി ഡല്‍ഹിയില്‍ സമരം തുടരുന്നത്.
ലൈംഗിക പീഡന പരാതികളില്‍ ബ്രിജ് ഭൂഷണെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ഡല്‍ഹി പൊലീസ് സുപ്രീംകോടതിയെ അറിയിച്ചത്. വിഷയത്തില്‍ ഗുസ്തി താരങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു പൊലീസിന്‍റെ വിശദീകരണം. ചില വിഷയങ്ങളുണ്ടെന്നാണ് പൊലീസ് കരുതുന്നതെന്നും അക്കാര്യത്തില്‍ പ്രാഥമിക പരിശോധന ആവശ്യമാണെന്നും പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത വ്യക്തമാക്കി. എഫ്.ഐ.ആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സുപ്രീംകോടതി ആഗ്രഹിക്കുന്നതെങ്കില്‍ പൊലീസ് അക്കാര്യം നടപ്പാക്കുമെന്നും അറിയിച്ചു. വനിതാ ഗുസ്തി താരങ്ങളുടെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമ്പോള്‍ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാനും നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *