കോഴിക്കോട് :ജന്തര്‍ മന്ദിറില്‍ ഗുസ്തിതാരങ്ങള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് നടന്‍ പിന്തുണ അറിയിച്ചത്. ഏതൊരാളും അര്‍ഹിക്കുന്ന നീതി ഇവര്‍ക്കും ലഭിക്കണമെന്നും എതിര്‍പക്ഷത്തുള്ളവര്‍ ശക്തരായതുകൊണ്ട് ഇവര്‍ തഴയപ്പെടരുതെന്നും ടൊവിനോ പറഞ്ഞു.
‘അന്താരാഷ്ട്ര കായിക വേദികളില്‍ നമ്മുടെ യശസ്സ് ഉയര്‍ത്തി പിടിച്ചവരാണ്, ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷകള്‍ക്ക് വിജയത്തിന്‍റെ നിറം നല്‍കിയവര്‍! ആ പരിഗണനകള്‍ വേണ്ട, പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടാ, എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ശക്തരായത് കൊണ്ട് ഇവര്‍ തഴയപ്പെട്ടു കൂടാ’- ടൊവിനോ തോമസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഡല്‍ഹിയില്‍ ഗുസ്തി താരങ്ങളുടെ സമരം ഒരു മാസത്തിലേറെ പിന്നിട്ട അവസരത്തില്‍ നിരവധി പേരാണ് താരങ്ങള്‍ക്ക് പിന്തുണയുമായി എത്തിയത്. ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഗുസ്തി താരങ്ങള്‍ സമരം ശക്തമാക്കിയിരുന്നു.
