ഗുജറാത്ത് തീരത്ത് 480 കോടിയുടെ ലഹരിമരുന്ന് പിടികൂടി

Top News

. ആറ് പാകിസ്താന്‍ സ്വദേശികള്‍ പിടിയില്‍

അഹമ്മദാബാദ് : ഗുജറാത്ത് തീരത്ത് കോസ്റ്റ് ഗാര്‍ഡ് നടത്തിയ ലഹരിമരുന്ന് വേട്ടയില്‍ ആറ് പാകിസ്താന്‍ സ്വദേശികള്‍ പിടിയില്‍. 480 കോടി രൂപ വില വരുന്ന ലഹരി വസ്തുക്കളടങ്ങിയ ബോട്ടാണ് ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തിന് 350 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍നിന്ന് തിങ്കളാഴ്ച അര്‍ധരാത്രിയോടെ പിടികൂടിയത്. ബോട്ടില്‍നിന്ന് പിടിച്ചെടുത്ത 80 കിലോ വരുന്ന ലഹരിവസ്തുക്കള്‍ കൂടുതല്‍ പരിശോധനയ്ക്കായി പോര്‍ബന്തറിലേക്ക് കൊണ്ടുപോകുമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാര്‍ഡും ഭീകരവിരുദ്ധ സ്ക്വാഡും നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യുറോയും സംയുക്തമായാണ് പരിശോധന നടത്തിയത്. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാക്ക് സംഘം പിടിയിലായത്. പ്രദേശത്ത് നിരീക്ഷണത്തിനായി ഡ്രോണുകള്‍ വിന്യസിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രാത്രിയില്‍ അസാധാരണ രീതിയില്‍ ബോട്ട് നീങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ അതിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇത്തരത്തില്‍ സംയുക്തമായി നടത്തിയ പരിശോധനകള്‍ വഴി 3135 കോടി രൂപ വിലമതിക്കുന്ന 517 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *