ഗുജറാത്തില്‍ ആം ആദ്മി എം എല്‍ എമാര്‍ ബി ജെ പിയിലേക്കെന്ന് റിപ്പോര്‍ട്ട്

Top News

അഹമ്മദാബാദ് : പഞ്ചാബ് മോഡല്‍ വിജയം പ്രതീക്ഷിച്ച് ഗുജറാത്തില്‍ അങ്കത്തിനെത്തിയ ആം ആദ്മി പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റില്‍ വിജയിച്ച് സംസ്ഥാനത്ത് സാന്നിദ്ധ്യമറിയിച്ചിരുന്നു.എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ച അഞ്ച് എം.എല്‍.എമാരും ബി.ജെ.പിയുമായി സമ്പര്‍ക്കത്തിലാണെന്നും വൈകാതെ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. ഇതില്‍ വിശ്വദാറില്‍ നിന്നുള്ള ആപ്പ് എം.എല്‍.എ ഭൂപത് ഭയാനി ഇന്ന് തന്നെ ബി.ജെ.പിയില്‍ ചേരുമെന്നും സൂചനയുണ്ട്.
എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ഭൂപത് ഭയാനി തള്ളി. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഭയാനി പ്രതികരിച്ചു. അതേസമയം ഭൂപത് ഭയാനി ഇന്നുതന്നെ വാര്‍ത്താസമ്മേളനം വിളിച്ച് ബി.ജെ.പിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ബി.ജെ.പി നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഭയാനിക്ക് പുറമെ ചൈതര്‍ വാസവ, ഹേമന്ത് ഖാവ, ഉമേഷ് മകവാന, സുധീര്‍ വഘാനി എന്നീ നാലു ആപ്പ് എം.എല്‍.എമാരും ബി,ജെ.പിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. ഇതില്‍ മൂന്ന് എം.എല്‍.എമാര്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ആം ആദ്മി ടിക്കറ്റില്‍ മത്സരിച്ചത്.
182 നിയമസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 156 സീറ്റില്‍ വിജയിച്ച് അധികാരം നിലനിറുത്തിയിരുന്നു, 17 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.

Leave a Reply

Your email address will not be published. Required fields are marked *