ഗാന്ധിനഗര്‍: ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താന്‍ ജനങ്ങള്‍ പിന്തുണ നല്‍കണമെന്ന് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. ഐ ബി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ കോണ്‍ഗ്രസും ബിജെപിയും രഹസ്യയോഗങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.’ലഭിക്കുന്ന വിവരം അനുസരിച്ച് ഒരു ഐ ബി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടന്നാല്‍ ആം ആദ്മി പാര്‍ട്ടി ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരിയ ഭൂരിപക്ഷം എന്നാണ് പറയുന്നത്. മികച്ച ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഗുജറാത്തിലെ ജനങ്ങള്‍ പിന്തുണയ്ക്കണം’, കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിജെപിയാണ് റിപ്പോര്‍ട്ടിനെ കൂടുതല്‍ ഭയപ്പെടുന്നത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം. കോണ്‍ഗ്രസ് ശക്തിപ്പെട്ടാല്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ വിഘടിക്കുമെന്നാണ് അവരുടെ പ്രതീഷയെന്നും കെജ്രിവാള്‍ ആരോപിച്ചു. ആം ആദ്മിയുടെ വോട്ടുകള്‍ സമാഹരിക്കാനുള്ള ഉത്തരവാദിത്വമാണ് കോണ്‍ഗ്രസിന്. ഇതില്‍ ഗുജറാത്തിലെ ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്ന് കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ എഎപി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ ഓരോ പശുവിന്‍റെയും പരിപാലനത്തിനായി പ്രതിദിനം 40 രൂപ നല്‍കുമെന്ന് കെജ്രിവാള്‍ വാഗ്ദാനം ചെയ്തു