ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

Top News

ന്യൂഡല്‍ഹി: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക രണ്ട് ഘട്ടങ്ങളിലായി. ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളിലാണ് വോട്ടെടുപ്പ്.ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. 51,782 പോളിംഗ് സ്റ്റേഷനുകളിലായി ആകെ 4.9 കോടി വോട്ടര്‍മാരാണ് ഉള്ളത്. 3,24,47 പേര്‍ കന്നിവോട്ടര്‍മാരാണ്.അടുത്തവര്‍ഷം ഫെബ്രുവരി 18നാണ് ഭൂപേന്ദ്രഭായി പട്ടേല്‍ സര്‍ക്കാരിന്‍റെ കാലാവധി കഴിയുക. 182 അംഗ നിയമസഭയില്‍ ബിജെപിക്ക് 111 എംഎല്‍എമാരും കോണ്‍ഗ്രസിന് 62 എംഎല്‍എമാരുമുണ്ട്. കഴിഞ്ഞ 27 വര്‍ഷമായി ബി ജെ പിയാണ് സംസ്ഥാനം ഭരിക്കുന്നത്.ഗുജറാത്തില്‍ ഇത്തവണ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. ബി ജെ പിക്കും കോണ്‍ഗ്രസിനും കനത്ത വെല്ലുവിളിയുയര്‍ത്തി ആം ആദ് മി പാര്‍ട്ടി രംഗത്തുണ്ട്. ഭരണത്തുടര്‍ച്ച കിട്ടുമെന്നാണ് ബി ജെ പി നേതൃത്വം കരുതുന്നതെങ്കിലും, ആം ആദ് മി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന്‍റെ പരിപാടികളിലെ ജനപങ്കാളിത്തം ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കറന്‍സി നോട്ടുകളില്‍ ലക്ഷ്മിദേവിയുടേയും ഗണേശ ഭഗവാന്‍റെയും ചിത്രം കൂടി ഉള്‍പ്പെടുത്തണമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അരവിന്ദ് കേജ്രിവാള്‍ പറഞ്ഞിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു കേജ്രിവാളിന്‍റെ നീക്കം.അഭിപ്രായ സര്‍വേകള്‍ ബി ജെ പിക്ക് അനുകൂലമായിരുന്നു. എന്നാല്‍ മോര്‍ബി അപകടം പാര്‍ട്ടിക്ക് തിരിച്ചടിയാകുമോയെന്ന് നേതൃത്വത്തിന് ഭയമുണ്ട്. അപകടത്തിന് കാരണം സര്‍ക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.ഹിമാചല്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. ഈ മാസം പന്ത്രണ്ടിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഹിമാചലിലും ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Leave a Reply

Your email address will not be published. Required fields are marked *