ന്യൂഡല്‍ഹി: ഇക്ക്വറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കപ്പെട്ടവര്‍ക്ക് ഒടുവില്‍ കുടിവെളളവും ഭക്ഷണവും എത്തിച്ച് നല്‍കി. ഇന്ത്യന്‍ എംബസിയുടെ ഇടപെടലിലാണ് മലയാളികളടക്കമുളള കപ്പല്‍ ജീവനക്കാര്‍ക്ക് ഭക്ഷണം എത്തിച്ചത്. തടവിലാക്കപ്പെട്ട് പത്ത് മണിക്കൂര്‍ പിന്നിടുമ്പോഴാണ് ഇന്ത്യന്‍ എംബസി അധികൃതര്‍ എത്തിച്ച ഭക്ഷണം ഗിനി കൈമാറിയത്. ഇന്ത്യക്കാരായ പതിനഞ്ച് കപ്പല്‍ ജീവനക്കാരെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഗിനി മലാഗോ ദ്വീപിലെത്തിച്ച് തടവില്‍ വച്ചത്. ഹോട്ടലില്‍ എത്തിക്കാമെന്ന് പറഞ്ഞായിരുന്നു ഇവരെ തടങ്കലിലാക്കിയത്. ഇക്ക്വറ്റോറിയല്‍ ഗിനി നാവികസേന അറസ്റ്റ് ചെയ്ത സനു ജോസിനെ തിരികെ കപ്പലില്‍ എത്തിച്ചു. കപ്പലില്‍ ഉണ്ടായിരുന്ന വിജിത്ത് ഉള്‍പ്പെടെയുള്ള 16 ഇന്ത്യക്കാരെ മലാവോയിലെ ജയിലിലേക്ക് മാറ്റി.
ജീവനക്കാര്‍ തടവിലായ ഓഗസ്റ്റ് മുതല്‍ മോചനത്തിനായി നിരന്തരം ഗിനിയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഗിനിയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ജീവനക്കാരുമായും എംബസി സംസാരിക്കുന്നുണ്ട്. സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഗിനിയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കസ്റ്റഡിയിലുള്ളത്.