ഗാസയില്‍ യുദ്ധദുരിതം തുടരുന്നു

Top News

ഗാസ: ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലെ ആക്രമണത്തില്‍ നിരവധിപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 120 പേരെ കാണാതായതായും വിവരമുണ്ട്. ഒരു ലക്ഷത്തിലധികം പേരാണ് ക്യാമ്പിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രണ്ടു തവണയാണ് ക്യാമ്പില്‍ ആക്രമണമുണ്ടായത്. ആക്രമണം യുദ്ധക്കുറ്റമാണെന്ന് യു.എന്‍ ഹൈക്കമ്മീഷണര്‍ പറഞ്ഞു. പരുക്കേറ്റവരെ ചികിത്സിക്കാന്‍ ആശുപത്രികളില്ലെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മിക്ക ആശുപത്രികളുടെയും പ്രവര്‍ത്തനം നിലച്ച സ്ഥിതിയാണുള്ളത്. ആശുപത്രികളില്‍ ഓക്സിജന്‍ കിട്ടാനില്ലാത്ത സ്ഥിതിയുമുണ്ട്.
ജബലിയക്ക് സമീപത്തെ ഇന്തോനേഷ്യന്‍ ആശുപത്രിയിലും സ്ഥിതി ഗുരുതരമാണ്. ഇവിടെ വെന്‍റിലേറ്റര്‍ ഉള്‍പ്പെടെ നിലച്ചു. കര-വ്യോമ മാര്‍ഗം ഇസ്രയേല്‍ ആക്രമണം രൂക്ഷമാക്കുകയാണ്. വടക്കന്‍ ഗാസയില്‍ 16 സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
റഫ അതിര്‍ത്തി വഴി പരുക്കേറ്റവര്‍ ഈജിപ്തിലെത്തുന്നുണ്ട്. അതിര്‍ത്തിയില്‍ മെഡിക്കല്‍ സംഘത്തിന്‍റെ പരിശോധന ശക്തമാക്കി. അടിയന്തര ചികിത്സ വേണ്ടവരെയാണ് കടത്തിവിടുന്നത്. ഈജിപ്തിലെ ആശുപത്രികളില്‍ കൂടുതല്‍ ബെഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഗാസയില്‍ ഇന്‍റര്‍നെറ്റ് ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. മൊബൈല്‍ ബന്ധം നിലച്ചതിനാല്‍ പ്രവര്‍ത്തകരെ ബന്ധപ്പെടാനാകുന്നില്ലെന്ന് സന്നദ്ധ സംഘടനകള്‍ പറഞ്ഞു. ആക്രമണങ്ങളില്‍ ഇതുവരെ 8796 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 3648 പേര്‍ കുട്ടികളാണ്. വടക്കന്‍ ഗാസയിലും ഗാസ നഗരത്തിലും ശക്തമായ ആക്രമണം തുടരുകയാണ്.ജബലിയ ആക്രമണം ഭീതിതമെന്ന് യൂണിസെഫ് വ്യക്തമാക്കി. കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും യൂണിസെഫ് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *