.വെടിനിര്‍ത്തലിന് ഇസ്രയേലിനുമേല്‍ സമ്മര്‍ദം ശക്തമാവുന്നു
ഗാസ സിറ്റി: യുദ്ധം രൂക്ഷമായ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9770ആയി. ഇതില്‍ 4880 പേര്‍ കുട്ടികളാണ്. 26000ത്തിലധികം പേര്‍ക്ക് പരുക്കേറ്റു.വെസ്റ്റ് ബാങ്കില്‍ 152 പേര്‍ കൊല്ലപ്പെട്ടു. വീടുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ആശുപത്രികള്‍ക്കും ആംബുലന്‍സുകള്‍ക്കും നേരെ ആക്രമണമുണ്ടായി. ഇന്ധനക്ഷാമം മൂലം അല്‍ഷിഫ ആശുപത്രി പ്രതിസന്ധിയിലായിരിക്കുകയാണ്.മഗസി അഭയാര്‍ഥി ക്യാമ്പില്‍ ഉണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 50ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. ഗാസയില്‍ നാല്‍പ്പതിനായിരത്തിലധികം പേര്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് കണക്ക്. അഞ്ചരലക്ഷത്തോളം പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ക്യാമ്പുകള്‍ക്കുള്ളില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
അതേസമയം പലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസും യു.എസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കനും കൂടിക്കാഴ്ച നടത്തി. വെസ്റ്റ് ബാങ്കിലെ റാമല്ല നഗരത്തിലായിരുന്നു ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച. ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നും അവിടേക്ക് മാനുഷിക സഹായങ്ങള്‍ അനുവദിക്കണമെന്നും കൂടിക്കാഴ്ചയില്‍ മഹ്മൂദ് അബ്ബാസ് ബ്ലിങ്കനോട് ആവശ്യപ്പെട്ടു. ഗാസയിലേക്ക് സഹായങ്ങളെത്തിക്കാനും അവശ്യസേവനങ്ങള്‍ പുനഃസ്ഥാപിക്കാനും യു.എസ് പ്രതിജ്ഞാബദ്ധരാണെന്ന് ആന്‍റണി ബ്ലിങ്കന്‍ മഹ്മൂദ് അബ്ബാസിനോട് പറഞ്ഞതായാണ് വിവരം.വെടിനിര്‍ത്തലിന് ഇസ്രയേലിനുമേല്‍ സമ്മര്‍ദം ശക്തമാവുകയാണ്. ശക്തമായ നടപടി നേരിടേണ്ടിവരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തല്‍ ഉടന്‍ വേണമെന്ന് അമേരിക്കയോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.