ഗാസ സിറ്റി: ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ഷിഫയുടെ ഡയറക്ടറെ ഇസ്രയേല്‍ സൈന്യം അറസ്റ്റുചെയ്തു. ഡോ. മുഹമ്മദ് അബു സല്‍മിയയേയും മറ്റു മുതിര്‍ന്ന ഡോക്ടര്‍മാരേയുമാണ് അറസ്റ്റ് ചെയ്തത്. അല്‍-ഷിഫ ആശുപത്രി ഹമാസ് താവളമെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ഏറ്റവുമധികം ആക്രമിക്കുന്നത് അല്‍-ഷിഫ ആശുപത്രിയെയാണ്. കഴിഞ്ഞ ആഴ്ചയില്‍ ആശുപത്രിയില്‍ ഇസ്രയേല്‍ റെയ്ഡ് നടത്തിയിരുന്നു. അല്‍-ഷിഫ ആശുപത്രി കേന്ദ്രീകരിച്ചാണ് ഹമാസിന്റെ പ്രവര്‍ത്തനമെന്ന് ആരോപിച്ചായിരുന്നു ഇസ്രയേലിന്റെ ഈ നീക്കവും.
എന്നാല്‍ ഹമാസും ആശുപത്രി അധികൃതരും ഈ അവകാശവാദങ്ങള്‍ ആവര്‍ത്തിച്ച് നിഷേധിച്ചിരുന്നു. ഗാസയിലെ അല്‍-ഷിഫ അടക്കമുള്ള ആശുപത്രികളെ കമാന്‍ഡ് കേന്ദ്രങ്ങളായി ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം ഹമാസ് നിഷേധിച്ചു. കഴിഞ്ഞ ദിവസം ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഗാസയില്‍ താത്ക്കാലിക വെടിനിര്‍ത്തലിന് ധാരണയായിരുന്നു. കരാറിന് ഇസ്രായേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു.