ന്യൂഡല്‍ഹി ; രാജ്യത്ത് ഗ്രാമീണ മേഖലയിലെ തൊഴില്‍ വേതനത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്.കാര്‍ഷിക നിര്‍മാണ മേഖലകളിലെ വേതനങ്ങളിലും കേരളം മുന്നിലാണ്.
മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി രാജ്യത്തെ മറ്റു വികസിത സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന വേതനത്തിന്‍റെ രണ്ടിരട്ടിക്കടുത്ത് കേരളത്തിലെ ഗ്രാമീണ മേഖലയിലെ തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
കേരളത്തില്‍ ലഭിക്കുന്ന വേതനം ദേശീയ ശരാശരിയുടെ ഇരട്ടിക്ക് മുകളിലാണെന്നും കണക്കുകള്‍ പറയുന്നു.കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളിക്ക് (കാര്‍ഷികേതര വിഭാഗത്തിലെ പുരുഷന്മാര്‍) 2020-21 വര്‍ഷത്തില്‍ പ്രതിദിനം ശരാശരി 677.6 രൂപ വേതനം ലഭിക്കുന്നതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ തലത്തില്‍ ഇത് 315.3 രൂപയാണ്. രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക സംസ്ഥാനമായും മുന്‍നിര കാര്‍ഷികോല്‍പാദക സംസ്ഥാനമായും കണക്കാക്കപ്പെടുന്ന മഹാരാഷ്ട്രയില്‍ ഒരു ഗ്രാമീണ തൊഴിലാളിക്ക് ലഭിക്കുന്നത് വെറും 262.3 രൂപ മാത്രമാണ്.
കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്ത്യന്‍ ലേബര്‍ ജേണലിനെ അടിസ്ഥാനമാക്കിയുള്ളതാണ് വിവരങ്ങള്‍. വികസനത്തിന്‍റേയും വ്യവസായവത്കരണത്തിന്‍റേയും മാതൃകയായി ചൂണ്ടിക്കാട്ടപ്പെടുന്ന ഗുജറാത്തില്‍ 239.6 രൂപയാണ് പ്രതിദിനം ഒരു തൊഴിലാളിക്ക് കിട്ടുന്ന കൂലി. ഉത്തര്‍പ്രദേശില്‍ 286.8 രൂപയും ബിഹാറില്‍ ശരാശരി 289.3 രൂപയും ഗ്രാമീണ തൊഴിലാളിക്ക് പ്രതിദിനം ലഭിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേതനത്തില്‍ ഒന്നാമത് നില്‍ക്കുന്ന കേരളത്തിന് തൊട്ടുപിറകിലുള്ളത് ജമ്മുകശ്മീരും തമിഴ്നാടുമാണ്.
ജമ്മുകശ്മീരില്‍ 483 രൂപയും തമിഴ്നാട്ടില്‍ 449.5 രൂപയുമാണ് ഗ്രാമീണ തൊഴിലാളികള്‍ക്ക് ശരാശരി പ്രതിദിനം കിട്ടുന്നത്. തിരഞ്ഞെടുത്ത 20 സംസ്ഥാനങ്ങളില്‍ 15 സംസ്ഥാനങ്ങളിലും ഗ്രാമീണ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനം ദേശീയ ശരാശരിയേക്കാളും പിന്നിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്രാമീണ കാര്‍ഷിക വിഭാഗത്തിലും തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനത്തില്‍ കേരളം തന്നെയാണ് ഒന്നാമത്. ഗ്രാമീണ കര്‍ഷകതൊഴിലാളികള്‍ക്ക് കേരളത്തില്‍ 706.5 രൂപയാണ് ശരാശരി ഒരു ദിവസം ലഭിക്കുന്നത്. ജമ്മുകശ്മീരില്‍ 501.1 രൂപയും തമിഴ്നാട്ടില്‍ 432.2 രൂപയും ലഭിക്കുന്നു. ദേശീയ ശരാശരി 309.9 രൂപയാണ്.ഗുജറാത്തില്‍ ഗ്രാമീണ കര്‍ഷകതൊഴിലാളികള്‍ക്ക് 213.1 രൂപയും മഹാരാഷ്ട്രയില്‍ 267.7 രൂപയുമാണ് 202021 വര്‍ഷത്തില്‍ പ്രതിദിനം ലഭിച്ചതെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍ പറയുന്നു. പഞ്ചാബില്‍ കര്‍ഷകതൊഴിലാളികള്‍ക്ക് 357 രൂപയും ഹരിയാണയില്‍ 384.8 രൂപയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
നിര്‍മാണ മേഖലയിലും ഗ്രാമീണ തൊഴിലാളികള്‍ക്ക് കിട്ടുന്ന വേതനത്തിലും കേരളത്തെ മറികടക്കാന്‍ ആരുമില്ല. 829.7 രൂപ നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് കേരളത്തില്‍ ലഭിക്കുന്നുണ്ട്. ഈ വിഭാഗത്തില്‍ ദേശീയ ശരാശരി 362.2 രൂപ മാത്രമാണ്. തമിഴ്നാട്ടില്‍ 468.3 രൂപയും മഹാരാഷ്ട്രയില്‍ 347.9 രൂപയുമാണ് നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ പ്രതിദിന കൂലി.