തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ഗ്രാമവണ്ടികള്‍ ഓടിക്കുമെന്ന് മന്ത്രി ആന്‍റണി രാജു നിയമസഭയില്‍ പറഞ്ഞു. ഇന്ധനച്ചെലവ് തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കണം. പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ എന്നിവ നിര്‍ദ്ദേശിക്കുന്നിടത്ത് എത്ര ബസുകള്‍ വേണമെങ്കിലും ഓടിക്കാം. നികുതി, ടയര്‍, അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം എന്നിവയെല്ലാം കെ.എസ്.ആര്‍.ടി.സി വഹിക്കും. ഗ്രാമങ്ങളില്‍ ഓടിക്കാനായി 24, 35 സീറ്റുകളുള്ള ബസുകള്‍ ക്രമീകരിക്കും. ഇതിനായി തദ്ദേശ മന്ത്രി എം.വി. ഗോവിന്ദനുമായി ചര്‍ച്ച നടത്തി. എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയാണ് ‘ഗ്രാമ വണ്ടികള്‍’ എന്ന പേര് നിര്‍ദ്ദേശിച്ചത്.
മത്സ്യവില്പന സ്ത്രീകള്‍ക്കായി സമുദ്ര ബസ് ഓടിക്കും. നഗരങ്ങളിലെ പ്രധാന ഓഫീസുകളിലേക്കും ആശുപത്രികളിലേക്കും ലോ ഫ്ളോര്‍ ബസ് ഓടിക്കും. 50 രൂപയുടെ ടിക്കറ്റെടുത്താല്‍ 20 മണിക്കൂര്‍ യാത്രചെയ്യാവുന്ന ഏഴ് ബസുകള്‍ ചിങ്ങം ഒന്നിന് തിരുവനന്തപുരം നഗരത്തില്‍ ഓടിത്തുടങ്ങും.
കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം 1628.12 കോടിയാണ്. ഒരു വര്‍ഷത്തിനിടയില്‍ ഡീസലിന് മാത്രം വില കൂടിയത് 29.23 രൂപയാണ്. ഈ മാസത്തെ പെന്‍ഷന്‍ ഉടന്‍ നല്‍കും. ശമ്പള പരിഷ്കരണ ചര്‍ച്ചകള്‍ നടക്കുകയാണ്. യു.ഡി.എഫിന്‍റെ കാലത്തെ അഴിമതികളെപ്പറ്റി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. ഡിപ്പോകളില്‍ ആധുനിക രീതിയിലുള്ള ശൗചാലയം നിര്‍മ്മിക്കും. തിരുവനന്തപുരം തമ്പാനൂരിലെ കെ.എസ്.ആര്‍.ടി.സി കെട്ടിടത്തില്‍ ചിങ്ങം ഒന്നിന് സിവില്‍ സപ്ളൈസിന്‍റെ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കും.