വടകര:മഹാത്മാഗാന്ധിജിയുടെ വടകര സന്ദര്‍ശനത്തിന്‍റെ ഓര്‍മ പുതുക്കി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ഐ.മൂസ, ജനറല്‍ കണ്‍വീനര്‍ ഹരീന്ദ്രന്‍ കരിമ്പനപ്പാലം എന്നിവര്‍ അറിയിച്ചു. നവതി ആഘോഷ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീളുന്ന ആഘോഷം 14ന് വൈകിട്ട് 3.30ന് ടൗണ്‍ഹാളില്‍ രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന പൊതുപ്രവര്‍ത്തകരെ കെ.മുരളീധരന്‍ എംപി ആദരിക്കും. മഹാത്മാവിന്‍റെ ഇന്ത്യ എന്ന സിംപോസിയം എം.പി.അബ്ദുസ്സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യും.
താലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന 90 ഗാന്ധിയന്‍ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം വി.എം.സുധീരനും കോട്ടപ്പറമ്പില്‍ ഗാന്ധിജി ഹരിജനോദ്ധാരണ ഫണ്ട് ഏറ്റുവാങ്ങാന്‍ എത്തിയിരുന്ന ദിനമായ ജനുവരി 13ന് നടക്കുന്ന പൊതുസമ്മേളനം മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ഉദ്ഘാടനം ചെയ്യും.
ആഘോഷങ്ങളുടെ ഭാഗമായി സബര്‍മതിയിലേക്ക് 90 അംഗ സംഘത്തിന്‍റെ ഗാന്ധി സ്മൃതി യാത്രയും വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന, കവിയരങ്ങ്, ലേഖന മത്സരം, ഗാന്ധി സിനിമകളുടെ പ്രദര്‍ശനം, ഉപ്പു സത്യഗ്രഹത്തിന്‍റെ പുനരാവിഷ്കാരം, ഘോഷയാത്ര, സെമിനാറുകള്‍, മയ്യഴി ഗാന്ധിയുടെയും കേരള ഗാന്ധിയുടെയും വസതികളിലേക്കുള്ള പഠന യാത്ര എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.്.