ഗസ്സ യുദ്ധം തീര്‍ക്കാന്‍ മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി മുന്നോട്ടുവെച്ച് ഹമാസ്

Top News

ഗസ്സ: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കുന്നതിനായി മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി മുന്നോട്ടുവെച്ച് ഹമാസ്.യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കാനുള്ള പദ്ധതിയാണ് ഹമാസ് മുന്നോട്ടുവെച്ചത്. ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മധ്യസ്ഥരെയാണ് ഹമാസ് ഇതിന്‍റെ വിശദാംശങ്ങള്‍ അറിയിച്ചത്.
പദ്ധതി പ്രകാരം ഒക്ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ഇസ്രായേല്‍ പൗരന്‍മാരേയും വിട്ടയക്കും. ഇതിന് പകരമായി 1500 ഫലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ വിട്ടയക്കണം. ഇതിനൊപ്പം ഗസ്സയുടെ പുനര്‍നിര്‍മാണം, ഇസ്രായേല്‍ സൈന്യത്തിന്‍റെ ഫലസ്തീനില്‍ നിന്നുള്ള പൂര്‍ണപിന്മാറ്റം എന്നി ആവശ്യങ്ങളും ഹമാസ് മുന്നോട്ടുവെച്ചിട്ടുണ്ട്.
45 ദിവസങ്ങള്‍ വീതമുള്ള മൂന്ന് ഘട്ടങ്ങളാണ് കരാറിനുണ്ടാവുക. ഇതില്‍ ആദ്യഘട്ടത്തില്‍ ഹമാസ് ബന്ദികളാക്കിയ പൗരന്‍മാരില്‍ 19 വയസിന് താഴെയുള്ള പുരുഷന്‍മാരേയും സ്ത്രീകളേയും കുട്ടികളേയും രോഗംബാധിച്ച വയോധികരേയും വിട്ടയക്കും. രണ്ടാംഘട്ടത്തില്‍ മുഴുവന്‍ പുരുഷ തടവുകാരേയും വിട്ടയക്കും. മൂന്നാംഘട്ടത്തില്‍ മൃതദേഹങ്ങള്‍ കൈമാറും. മൂന്നാംഘട്ടം അവസാനിക്കുന്നതിന് മുമ്പ് ഇസ്രായേലുമായി കരാറിലെത്തി യുദ്ധം എന്നേക്കുമായി തീര്‍ക്കുകയാണ് ഹമാസ് പദ്ധതി. കരാറിന്‍റെ ഭാഗമായി വിവിധ ഘട്ടങ്ങളില്‍ ഫലസ്തീന്‍ ജനതക്ക് നല്‍കുന്ന സഹായത്തില്‍ വര്‍ധന വരുത്തണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, ഹമാസിന്‍റെ നിര്‍ദേശത്തോട് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഹമാസിനെ പൂര്‍ണമായും നശിപ്പിക്കാതെ യുദ്ധത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാട് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പല തവണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഹമാസിന്‍റെ നിര്‍ദേശത്തോട് പൂര്‍ണമായും യോജിക്കുന്ന നിലപാടല്ല യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും സ്വീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *