ഗസ്സ: ഐക്യരാഷ്ട്ര സഭ നടത്തുന്ന ഗസ്സയിലെ സ്കൂളുകളില്‍നിന്ന് പൊട്ടാത്ത നിലയില്‍ 1,000 പൗണ്ട് ഭാരം വരുന്ന ബോംബുകള്‍ കണ്ടെത്തിയതായി യു.എന്‍ അറിയിച്ചു.ഖാന്‍യൂനിസില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെയാണ് സ്കൂളുകള്‍ക്കുള്ളില്‍നിന്ന് വന്‍ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയതെന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി പറയുന്നു.
സ്കൂളുകള്‍ക്കുള്ളില്‍നിന്നും വഴിയില്‍നിന്നും 1,000 പൗണ്ട് (450 കിലോഗ്രാം) ബോംബുകള്‍ ഉള്‍പ്പെടെ പൊട്ടാത്ത ആയുധങ്ങള്‍ കണ്ടെത്തി. ഇവിടെ സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്’ -ഏജന്‍സി അറിയിച്ചു. ഇത്തരം ആയുധങ്ങള്‍ ഗസ്സയില്‍ പലയിടത്തും കണ്ടെത്തിയിട്ടുണ്ട്. ഇവ നിര്‍വീര്യമാക്കാന്‍ ദശലക്ഷക്കണക്കിന് ഡോളറും നിരവധി വര്‍ഷങ്ങളും വേണ്ടിവരുമെന്ന് യു.എന്‍ ഏതാനും ദിവസം മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു.365 കിലോമീറ്റര്‍ ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഗസ്സയിലെ പകുതിയിലേറെയും കെട്ടിടങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തിട്ടുണ്ട്. 1,50,000ലേറെ കെട്ടിടങ്ങളും വീടുകളും നശിപ്പിക്കപ്പെട്ടതായാണ് കണക്കാക്കുന്നത്. അവശിഷ്ടങ്ങള്‍ ഏകദേശം 23 ദശലക്ഷം ടണ്‍ വരും. ബോംബുകളുടെയും രാസവസ്തുക്കളുടെയും മാലിന്യവും ഇതില്‍ ഉള്‍പ്പെടും. ഗസ്സയിലുടനീളം പരന്നുകിടക്കുന്ന ഇവ ജനജീവിതത്തിന് തന്നെ ഹാനികരമാണ്. അവശിഷ്ടങ്ങളില്‍നിന്ന് ഗസ്സയെ വീണ്ടെടുക്കാന്‍ വര്‍ഷങ്ങളെടുക്കും എന്നാണ് യു.എന്‍.ഡബ്ല്യു.ആര്‍.എ മുന്നറിയിപ്പ് നല്‍കുന്നത്.