ഗവര്‍ണറുടെ നോട്ടീസിന് മറുപടി,വിസിമാര്‍ക്ക് സമയംനീട്ടി ഹൈക്കോടതി

Kerala

കൊച്ചി: പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് നല്‍കിയ നോട്ടീസിന്‍റെ കാലാവധി നീട്ടിനല്‍കി ഹൈക്കോടതി.ഏഴാം തീയതിവരെയാണ് ഇതിനായി സമയം അനുവദിച്ചത്. തിങ്കള്‍ വൈകിട്ട് അഞ്ചിനുമുമ്പ് മറുപടി നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. നിലവില്‍ കേരള സര്‍വകലാശാലയും കുഫോസും ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കിയിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. കേസ് ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി.
സാങ്കേതിക സര്‍വകലാശാലാ വിസിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേരളത്തിലെ മറ്റ് സര്‍വകലാശാലകളിലെ വിസിമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 23ന് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. ഇതിന്‍റെ പിന്നാലെ പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം മറുപടി നല്‍കണമെന്നും ഏഴിന് നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാകണമെന്നുമാണ് അതില്‍ പറഞ്ഞിരുന്നത്.
സമയപരിധി അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതി കേസ് പരിഗണിച്ചതും സമയം നീട്ടിയതും. ബുധനാഴ്ച കോടതി ഗവര്‍ണറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത് നിയമപരമല്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് വിസിമാര്‍ ഹര്‍ജി നല്‍കിയത്. സാങ്കേതിക സര്‍വകലാശാലാ കേസിലെ സുപ്രീംകോടതി വിധി അതിനുമാത്രമാണ് ബാധകമാവുകയെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *