ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ ഇടക്കാല സ്റ്റേയില്ല

Kerala

. വൈസ് ചാന്‍സിലര്‍മാരാണ് ഹൈക്കോടതിയെ സമീപിച്ചത്

കൊച്ചി : രാജിവെക്കാന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത സംസ്ഥാനത്തെ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിന് ഹൈക്കോടതിയില്‍നിന്നും ഇടക്കാല സ്റ്റേയില്ല. കാരണംകാണിക്കല്‍ നോട്ടീസിനെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കേരളാ ഹൈക്കോടതി, ചാന്‍സലര്‍ അടക്കമുള്ള എതിര്‍കക്ഷികളോട് വിശദീകരണം തേടി. ഹര്‍ജികള്‍ ഇന്ന് പരിഗണിക്കാന്‍ മാറ്റി. ഗവര്‍ണര്‍ രാജിയാവശ്യപ്പെട്ട വിസിമാരില്‍ ഏഴ് പേരാണ് കാരണം കാണിക്കല്‍ നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
കേരളാ സാങ്കേതിക സര്‍വകലാശാല വിസിയുടെ നിയമനം റദ്ദാക്കിയ സുപ്രിം കോടതിവിധി വന്നതിന് പിന്നാലെയാണ് ഗവര്‍ണര്‍ സംസ്ഥാനത്തെ മറ്റ് വിസിമാര്‍ക്കെതിരെയും നടപടിയെടുത്തത്. യുജിസി ചട്ടങ്ങള്‍ ലംഘിച്ചാണ് വിസിമാരുടെ നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ വിസിമാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് അവര്‍ കോടതിയെ സമീപിച്ചു. ഹര്‍ജികള്‍ പരിഗണിച്ച കോടതി വിസിമാരോട് തല്‍ക്കാലം തുടരാന്‍ നിര്‍ദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് രാജിവെക്കാത്തതിലെ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ വിസിമാര്‍ക്ക് നോട്ടീസയച്ചത്. ഇതിന് സ്റ്റേ ആവശ്യപ്പെട്ട് ഏഴ് വൈസ് ചാന്‍സലര്‍മാര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു
അതിനിടെ വിസിമാര്‍ക്കെതിരെ വീണ്ടും കടുത്ത നീക്കങ്ങളുമായി ഗവര്‍ണര്‍ മുന്നോട്ട് പോകുകയാണ്. നിയമിക്കപ്പെട്ടത് മുതലുള്ള ശമ്പളം വിസിമാരില്‍ നിന്നും തിരിച്ചു പിടിക്കാനാണ് തീരുമാനം. നിയമനം യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചായതിനാല്‍ ശമ്പളം കൈപ്പറ്റിയതും അനര്‍ഹമായാണെന്ന് വിലയിരുത്തിയാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *