തിരുവനന്തപുരം: ഗവര്‍ണര്‍മാര്‍ റബ്ബര്‍ സ്റ്റാമ്പുകള്‍ അല്ലെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. ലോകായുക്ത പോലുള്ള സംവിധാനങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ ഉള്ള നീക്കങ്ങള്‍ നടക്കുമ്പോള്‍ ഗവര്‍ണര്‍മാര്‍ ഇടപെടുമെന്നും ആര്‍. എന്‍. രവി പറഞ്ഞു. നിയമ മന്ത്രി പി. രാജീവിനെ അടക്കം സാക്ഷിയാക്കിയായിരുന്നു രവിയുടെ വാക്കുകള്‍. തിരുവനന്തപുരത്ത് കേരള ലോകായുക്ത ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തമിഴ്നാട് ഗവര്‍ണര്‍.കേരള നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ലടക്കം ഒപ്പിടാതെ നില്‍ക്കുന്ന ഗവര്‍ണര്‍ക്കെതിരെ രാജ്ഭവന്‍ മാര്‍ച്ച് നടത്തി ഇടത് സംഘടനകള്‍ പ്രതിഷേധിച്ച ദിവസം തന്നെയാണ് തമിഴ്നാട് ഗവര്‍ണര്‍ തിരുവനന്തപുരത്തെത്തി കേരള ഗവര്‍ണറുടെ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.നിയമ മന്ത്രി പി.രാജീവിനൊപ്പം വേദി പങ്കിട്ടാണ് തമിഴ്നാട് ഗവര്‍ണറുടെ വാക്കുകളെന്നതും എന്നുള്ളതും ശ്രദ്ധേയമാണ്.