തിരുവനന്തപുരം: കണ്ണൂര്‍ വിസിയെ ക്രിമിനല്‍ എന്നുവിളിച്ച ഗവര്‍ണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഗവര്‍ണറുടെ നടപടി അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിക്ക് നിരക്കാത്തതാണെന്നും സിപി എം സംസ്ഥാന സെക്രട്ടറിയേറ്റ്. എന്ത് ക്രിമിനല്‍ കുറ്റമാണ് വിസി ചെയ്തത് എന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം. ഗവര്‍ണര്‍ എടുത്ത നടപടിയില്‍ നിയമപരമായി മാത്രം വിയോജിപ്പ് രേഖപ്പെടുത്തിയ ആളാണ് കണ്ണൂര്‍ വിസി.തെറ്റ് ചൂണ്ടിക്കാണിക്കുന്നതിന് പകരം സര്‍വ്വ സീമകളും ലംഘിച്ച് നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ ആരെ പ്രീതിപ്പെടുത്താനുള്ളതാണ് എന്ന് ഗവര്‍ണറാണ് വ്യക്തമാക്കേണ്ടത്. ഈ ഭരണത്തിന്‍ കീഴില്‍ ഔന്നത്ത്യത്തിലേക്ക് സഞ്ചരിക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ഇല്ലായ്മ ചെയ്യാനാണ് അദ്ദേഹത്തിന്‍റെ ശ്രമം.
എന്‍ഐആര്‍എഫ് റാങ്കിങ്ങിലും, നാക്ക് അക്രഡിറ്റേഷനിലും കേരളത്തിലെ സര്‍വ്വകലാശാലകളും, കോളേജുകളും നിലവാരം മെച്ചപ്പെട്ടുവരുന്നത് സര്‍ക്കാര്‍ ഇടപെടലിന്‍റെ കൂടി ഭാഗമായിട്ടാണ്. കേരളാ യൂണിവേഴ്സിറ്റി നാക്ക് എ പ്ലസ് പ്ലസ്, സംസ്കൃത സര്‍വ്വകലാശാല നാക്ക് എ പ്ലസ് എന്നിങ്ങനെ ഗ്രേഡിംഗുകള്‍ കരസ്ഥമാക്കിയത് ഈയിടെ ആണ്. ഡിജിറ്റല്‍ സര്‍വ്വകലാശാലയും, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയും കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതും ഇടത് ഭരണത്തിന്‍ കീഴിലാണ്. അതുപോലെ പൊതു വിദ്യാഭ്യാസ രംഗത്തും കേരളം കുതിപ്പിന്‍റെ പാതയിലാണ്. ഈ നേട്ടങ്ങളെ കാണാനും, അംഗീകരിക്കാനും ഗവര്‍ണര്‍ക്ക് സാധിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. സിപിഎം സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.