ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ കേരളത്തോടൊപ്പം ചേരണമെന്ന് സീതാറാം യെച്ചൂരി
തിരുവനന്തപുരം : സംസ്ഥാനത്തെ വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ വിവാദ നടപടി സ്വീകരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫ് നടത്തുന്ന ശക്തമായ പ്രതിഷേധത്തിന്‍റെ ഭാഗമായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി.
ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരില്‍ നടന്ന മാര്‍ച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി അടക്കമുള്ള നേതാക്കള്‍ മാര്‍ച്ചില്‍ അണിനിരന്നു.
ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ കേന്ദ്രം ഉന്നതവിദ്യാഭ്യാസ മേഖലയെ ദുരുപയോഗം ചെയ്യുന്നുകയാണെന്നും അതിന് അനുവദിക്കില്ലെന്നും സിതാറാം യെച്ചൂരി പറഞ്ഞു.യുജിസി മാര്‍ഗനിര്‍ദേശമാണ് പ്രധാനം എന്ന വാദം അംഗീകരിക്കാനാവില്ല. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല സംരക്ഷിക്കാനുള്ള കേരളത്തിന്‍റെ പോരാട്ടത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ കേരളത്തിന് ഒപ്പംചേരണമെന്ന നിര്‍ദ്ദേശവും യെച്ചൂരി മുന്നോട്ട് വെച്ചു.
വിദ്യാഭ്യാസമേഖലയിലെ കാവി വല്‍ക്കരണം അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് രാജ്ഭവന്‍ ഉപരോധത്തില്‍ പ്രകടമായതെന്ന് സിപിഎം സംസ്ഥന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖല സംരക്ഷിക്കാനുള്ള കേരളത്തിന്‍റെ പോരാട്ടം ചരിത്രപരമാണ്.വിസിമാരെ നിയമിച്ചത് ഗവര്‍ണറാണ്. മൂന്നു പേരുടെ പട്ടിക വേണമായിരുന്നുവെങ്കില്‍ ഗവര്‍ണര്‍ അന്ന് ആവശ്യപ്പെടണമായിരുന്നുവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ഗവര്‍ണര്‍ കോടതിയാകേണ്ടെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചു. അതേസമയം രാജഭവന്‍ ഉപരോധസമരം നടക്കുമ്പോള്‍ ഗവര്‍ണര്‍ ഡല്‍ഹിയില്‍ തുടരുകയാണ്.