കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല വി.സി. ഡോ.എം.കെ. ജയരാജിനെ പുറത്താക്കിയ നടപടി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഹൈക്കോടതി സ്റ്റേ ചെയ്തു. യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് നിയമനം എന്ന് കാണിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇവരെ പുറത്താക്കിയത്. സാങ്കേതിക സര്‍വകലാശാല വി.സി ഡോ. രാജശ്രീയെ പുറത്താക്കിയ നടപടി ശരിവെച്ച സുപ്രീംക്കോടതി ഉത്തരവിന്‍റെ ചുവടുപിടിച്ചായിരുന്നു ഗവര്‍ണറുടെ നടപടി.
അതിനിടെ, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വി.സി. ഡോ.എം.വി. നാരായണനെ പുറത്താക്കിയ ചാന്‍സലറുടെ നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത് ഡോ. എം. വി. നാരായണനും ഡോ. എം. കെ. ജയരാജും ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹര്‍ജികള്‍ പരിഗണിച്ചാണു ജസ്റ്റിസ് സി. പി. മുഹമ്മദ് നിയാസിന്‍റെ ഇടക്കാല ഉത്തരവ്. ഇവരുടെ നിയമനം യു.ജി.സി ചട്ടപ്രകാരമല്ലെന്നു പറഞ്ഞ് അസാധുവാക്കിയ ചാന്‍സലറുടെ മാര്‍ച്ച് ഏഴിലെ ഉത്തരവു ചോദ്യം ചെയ്താണു ഹര്‍ജി.