ഗവര്‍ണര്‍ക്കെതിരെ ഹൈക്കോടതി

Top News

കൊച്ചി: കേരള സര്‍വകലാശാലാ സെനറ്റ് അംഗങ്ങളെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പുറത്താക്കിയതുമായി ബന്ധപ്പെട്ട കേസില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി.ചാന്‍സലര്‍ പിള്ളേര് കളിക്കുകയാണെന്നും ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങള്‍ക്കെതിരെയും കോടതി വിമര്‍ശനം ഉയര്‍ത്തി.ചാന്‍സലറുടെ തീരുമാനത്തെ എങ്ങനെയാണ് ചോദ്യം ചെയ്യാനാവുകയെന്ന്, സെനറ്റ് അംഗങ്ങളോട് കോടതി ആരാഞ്ഞു. ചാന്‍സലറാണ് സെനറ്റ് അംഗങ്ങളെ നിയമിച്ചത്. ചാന്‍സലറുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ രാജിവയ്ക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു.സെനറ്റ് അംഗങ്ങളിലുള്ള പ്രീതി നഷ്ടപ്പെട്ടതുകൊണ്ടാണ് അവരെ നീക്കിയതെന്നായിരുന്നു ഗവര്‍ണറുടെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതിനെയും കോടതി വിമര്‍ശിച്ചു. പ്രീതി വ്യക്തിപരമല്ലെന്ന് കോടതി പറഞ്ഞു.കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളെ ചാന്‍സലര്‍ പുറത്താക്കിയതിനെതിരായാണ് അംഗങ്ങള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസങ്ങളിലും കോടതി വാദം കേട്ടിരുന്നു.സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചതുമായി ബന്ധപ്പെട്ട ചില ആരോപണങ്ങളും ചാന്‍സലര്‍ക്കെതിരെ ഇവര്‍ കോടതിയില്‍ ഉന്നയിച്ചു. ഈ വിഷയത്തല്‍ ഗവര്‍ണറുടെ കത്തിടപാടുകളും മറ്റും ചൂണ്ടിക്കാണിച്ചപ്പോഴാണ് ചാന്‍സലര്‍ക്കെതിരെ കോടതിയുടെ രൂക്ഷവിമര്‍ശനം ഉണ്ടായത്. ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെയല്ല പ്രവര്‍ത്തിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്തിയെ ഇഷ്ടമല്ലെന്ന കാരണത്താല്‍ പ്രീതി പിന്‍വലിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *