. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരെയാണ് ഹര്‍ജി നല്‍കിയത്
ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ഗവര്‍ണര്‍ വീഴ്ച വരുത്തിയെന്നും ബില്ലുകള്‍ ഒപ്പിടാന്‍ നിര്‍ദേശിക്കണമെന്നും ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.
നിയമസഭ ചര്‍ച്ച ചെയ്ത് പാസാക്കിയ എട്ട് ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ വൈകുന്നത്. ഇത് പൊതുജനങ്ങളുടെ അവകാശത്തെയും ക്ഷേമ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ബില്‍, സര്‍വലാശാലാ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ തുടങ്ങിയവയിലാണ് ഇനിയും തീരുമാനമാകാനുള്ളത്. ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോയെന്നതില്‍ സര്‍ക്കാര്‍ വിദഗ്ധോപദേശം തേടിയിരുന്നു. നിലവില്‍ തെലങ്കാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഗവര്‍ണര്‍മാര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനൊപ്പമാകും കേരള സര്‍ക്കാരിന്‍റെ ഹര്‍ജിയും പരിഗണിക്കുക.