ന്യൂഡല്‍ഹി: വിമാന നിരക്ക് വര്‍ധനവിന്‍റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്കില്‍ ഉണ്ടാവുന്ന അനിയന്ത്രിതമായ വര്‍ധനവില്‍ ഒന്നും ചെയ്യാനില്ലെന്നും കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ.സിങ്. രാജ്യസഭയില്‍ എളമരം കരീം എം.പിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വ്യോമയാന മേഖലയില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ ശേഷം വിമാന നിരക്ക് വിപണിക്ക് അനുസൃതമാണ്. നിരക്ക് നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും സര്‍ക്കാറല്ല. വിപണി നിയന്ത്രിക്കുന്ന ശക്തികളെ ആശ്രയിച്ചാണ് വിമാന ടിക്കറ്റ് നിരക്ക്. ആഗോള തലത്തില്‍ പിന്തുടരുന്ന രീതിയാണിതെന്നും മന്ത്രി പറഞ്ഞു.