കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഗര്‍ഭിണിയായ പോലീസ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്നതില്‍ പങ്കില്ലെന്ന് താലിബാന്‍. ഈ സംഭവവുമായി ഞങ്ങള്‍ക്ക് യാതോരു ബന്ധവുമില്ല. അന്വേഷണം നടക്കുകയാണെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.
അമേരിക്കയെ സഹായിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് താലിബാന്‍ പൊതുമാപ്പ് നല്‍കിയതാണ്. കൊലപാതകത്തിന് പിറകില്‍ വ്യക്തിവിരോധം ആകാമെന്നുമാണ് താലിബാന്‍റെ വിശദീകരണം. കഴിഞ്ഞ ദിവസമാണ് ഘോര്‍ പ്രവിശ്യയിലെ ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥ ബാനു നെഗര്‍ കൊല്ലപ്പെട്ടത്.
ഘോര്‍ പ്രിവിശ്യയിലെ ഫിറോസ്ഖോയിലെ വീട്ടില്‍ അതിക്രമിച്ചുകയറിയായിരുന്നു ഭീകരര്‍ വെടിയുതിര്‍ത്തത്. ബന്ധുക്കളുടെ മുന്നിലാണ് ബാനു നെഗറിനെ ഭീകരര്‍ കൊലപ്പെടുത്തിയത്. ഇവര്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്നു.തോക്ക് ധാരികളായ മൂന്നുപേര്‍ വീടിനുള്ളില്‍ കടന്ന് ബാനുവിന്‍റെ ബന്ധുക്കളെ കെട്ടിയിട്ടു. പിന്നീട് ഇവരുടെ മുന്നില്‍വച്ച് ബാനുവിനെ വെടിവച്ചുകൊല്ലുകയായിരുന്നു.