കാസര്‍ക്കോട്: കാസര്‍ക്കോട് നഗരത്തിലെ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. കാസര്‍ക്കോട് പുതിയ ബസ് സ്റ്റാന്‍ഡ്, കറന്തക്കാട്, വിദ്യാനഗര്‍ ഭാഗങ്ങളിലാണ് ഗതാഗത കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്നത്. ദിവസേന മണിക്കൂറുകളോളമാണ് ദേശീയപാതയില്‍ ഗതാഗതകുരുക്കുണ്ടാകുന്നത്.ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളും കുരുക്കില്‍പ്പെടുന്നു. സര്‍വീസ് റോഡുകള്‍ പ്രവൃത്തി പൂര്‍ത്തിയാക്കി മുഴുവനായും തുറന്നുനല്‍കിയിരുന്നെങ്കില്‍ ഗതാഗതകുരുക്കിന് പരിഹാരമുണ്ടാകുമായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. എന്നാല്‍ മിക്കയിടങ്ങളിലും സര്‍വീസ് റോഡ് പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല. ചിലയിടങ്ങളില്‍ ഗതാഗതത്തിന് തുറന്നുനല്‍കിയിട്ടുണ്ടെങ്കിലും മറ്റിടങ്ങളില്‍ സര്‍വീസ് റോഡ് അടച്ചിട്ട് ദേശീയപാതയിലൂടെയാണ് വാഹനങ്ങളെ കടത്തിവിടുന്നത്.
എന്നാല്‍ ഇടുങ്ങിയ പാതയിലൂടെയുള്ള യാത്രയാണ് ഗതാഗതകുരുക്ക് രൂക്ഷമാകാന്‍ കാരണമായിരിക്കുന്നത്. ഒരു വലിയ വാഹനത്തിന് കടന്നുപോകാനുള്ള വഴിമാത്രമാണ് മിക്ക ഇടങ്ങളിലുമുള്ളത്. ചെറുവാഹനങ്ങള്‍ ഇടയിലൂടെ കയറ്റിയാല്‍ പോലും ഗതാഗതകുരുക്ക് രൂപപ്പെടാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ചിലയിടങ്ങളില്‍ സര്‍വീസ് റോഡിന്‍റെ പ്രവൃത്തി പാതിവഴിയില്‍ നിലച്ച മട്ടിലാണ്.വിദ്യാനഗര്‍, ബിസി റോഡ് ഭാഗങ്ങളില്‍ സര്‍വീസ് റോഡ് തുറന്നുനല്‍കിയിട്ടുണ്ടെങ്കിലും ഇവിടങ്ങളില്‍ റോഡ് പ്രവൃത്തി നടത്തിയിട്ടില്ല.
മഴ പെയ്താല്‍ മണ്ണിട്ട റോഡില്‍ വെള്ളക്കെട്ടും ചെളിക്കുളവും രൂപപ്പെടുകയാണ്. അഞ്ചു മാസത്തോളമായി ഇതേ സ്ഥിതിയാണ്. മഴ കുറഞ്ഞെങ്കിലും ഇവിടെ സര്‍വീസ് റോഡിന്‍റെ പ്രവൃത്തി ആരംഭിച്ചിട്ടില്ല. കുഴി നിറഞ്ഞ റോഡില്‍ ദുരിതം സഹിച്ചാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്.