ഗണേഷ് കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച് ആന്‍റണി രാജു

Latest News

തിരുവനന്തപുരം: ഗതാഗതമന്ത്രി ഗണേഷ്കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍ ഗതാഗത മന്ത്രി ആന്‍റണി രാജു. ഇലക്ട്രിക് ഡബ്ള്‍ ഡക്കര്‍ ബസിന്‍റെ ഉദ്ഘാടനച്ചടങ്ങിന് ആന്‍റണി രാജുവിനെ ക്ഷണിച്ചില്ല. എങ്കിലും വിവരമറിഞ്ഞ ആന്‍റണി രാജു ഉദ്ഘാടനച്ചടങ്ങിന് തൊട്ടുമുമ്പ്സ്ഥലത്തെത്തി ബസ് സന്ദര്‍ശിച്ചു. ക്ഷണിക്കാത്തതിലെ അതൃപ്തി മറച്ചുവെക്കാതെ ഇലക്ട്രിക് ഡബ്ള്‍ ഡെക്കര്‍ എന്‍റെ കുഞ്ഞാണ് എന്ന് അദ്ദേഹം പറഞ്ഞു.
ബസിന്‍റെ ഉദ്ഘാടനം തന്നെ അറിയിക്കാത്തതിലും ആന്‍റണി രാജു പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ചു. ഫളാഗ് ഓഫ് തന്‍റെ മണ്ഡലത്തിന്‍റെ പുറത്തേക്ക് മാറിയത് അറിയാതെയാണെന്ന് താന്‍ കരുതുന്നില്ല. പുറത്തുവെച്ചാണെങ്കിലും തന്‍റെ മണ്ഡലത്തിലാണ് ബസുകള്‍ ഓടിക്കേണ്ടിവരുക. താന്‍ മന്ത്രിയായിരുന്നപ്പോള്‍ വാങ്ങിയ ബസാണ് ഇതെല്ലാം. അത് റോഡിലിറങ്ങുമ്പോള്‍ ഡെലിവറി നടക്കുന്ന സമയത്ത് ഒരച്ഛനുണ്ടാകുന്ന സന്തോഷമാണ് തനിക്ക്- ആന്‍റണി രാജു പറഞ്ഞു. എന്നാല്‍, ഉദ്ഘാടനച്ചടങ്ങില്‍ ആന്‍റണി രാജുവിന്‍റെ പരാമര്‍ശത്തോട് ഗണേഷ് കാര്യമായി പ്രതികരിച്ചില്ല.സ്മാര്‍ട്ട് സിറ്റി ഫണ്ടില്‍ വാങ്ങിയ ബസിന്‍റെ ഉദ്ഘാടനം ആന്‍റണി രാജുവിന്‍റെ മണ്ഡലമായ പുത്തരിക്കണ്ടത്താണ് ആദ്യം നിശ്ചയിച്ചത്. എം.എല്‍.എ എന്ന പ്രോട്ടോകോള്‍ പ്രകാരം ആന്‍റണി രാജുവിനെ ക്ഷണിക്കേണ്ടി വരുമെന്ന സാഹചര്യം ഒഴിവാക്കാന്‍ ചടങ്ങ് വട്ടിയൂര്‍ക്കാവ് മണ്ഡലപരിധിയിലെ വികാസ് ഭവനിലേക്ക് മാറ്റി. വികാസ് ഭവനു മുന്നിലുള്ള റോഡിന്‍റെ എതിര്‍വശത്താണ് ആന്‍റണി രാജുവിന്‍റെ മണ്ഡലം തുടങ്ങുന്നത്.
ഇതറിഞ്ഞ ആന്‍റണി രാജു ഉദ്ഘാടനച്ചടങ്ങിന് തൊട്ടുമുമ്പ് വികാസ് ഭവനിലെത്തിയാണ് ബസ് സന്ദര്‍ശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *