ഗഗന്‍യാന്‍ ദൗത്യം; സംഘാംഗങ്ങളെ അവതരിപ്പിച്ച് പ്രധാനമന്ത്രി

Kerala

. സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നയിക്കും

തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൗത്യമായ ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണന്‍, വിംഗ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി പരിശീലനത്തിലുള്ളവര്‍. തുമ്പ വിഎസ്എസ്യില്‍ നടന്ന ചടങ്ങില്‍ ഇവര്‍ നാലുപേരെയും വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. ഗഗന്‍യാന്‍ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു. ഗഗന്‍യാന്‍ യാത്രക്കുള്ള സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക.
പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണന്‍ 1999ലാണ് വ്യോമസേനയില്‍ ചേരുന്നത്. ഇപ്പോള്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. ഇന്ത്യയുടെ മനുഷ്യനെ വഹിച്ചുള്ള ആദ്യ ബഹിരാകാശ ദൗത്യത്തിന്‍റെ തലവന്‍ മലയാളിയാണെന്നത് കേരളത്തിനിത് അഭിമാനനിമിഷമായി മാറി. നാലുപേരില്‍ മൂന്നുപേരായിരിക്കും ബഹിരാകാശത്തേക്ക് പോവുക. നാല് പേരും ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റുമാരാണ്.തുമ്പയിലെ വിഎസ്എസ്സിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പമാണ് ഗഗന്‍യാന്‍ ദൗത്യസംഘാംഗങ്ങളെ ആദ്യമായി ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന സുപ്രധാന ചടങ്ങ് നടന്നത്.തിരുവനന്തപുരം വിഎസ്എസ്സിയിലെത്തി നരേന്ദ്ര മോദി ഗഗന്‍യാന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. വിഎസ്എസ്സിയിലെ പുതിയ ട്രൈസോണിക് വിന്‍ഡ് ടണല്‍, മഹേന്ദ്രഗിരി പ്രൊപ്പല്‍ഷന്‍ കോംപ്ലക്സിലെ സെമി ക്രയോജനിക് ഇന്‍റഗ്രേറ്റഡ് എഞ്ചിന്‍ & സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റി, ശ്രീഹരിക്കോട്ടയിലെ പുതിയ പിഎസ്എല്‍വി ഇന്‍റഗ്രേഷന്‍ ഫെസിലിറ്റി എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി വി മുരളീധരന്‍, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ് സോമനാഥ് തുടങ്ങിയവരും പങ്കെടുത്തു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തിന് വലിയ മുതല്‍ക്കൂട്ടാകാന്‍ പോകുന്ന മൂന്ന് പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *