ഖേല്‍രത്ന, അര്‍ജുന തിരികെ നല്‍കുമെന്ന് വിനേഷ് ഫോഗട്ട്

Kerala

പ്രധാനമന്ത്രിക്ക് കത്തയച്ചു

ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍സിംഗിനെതിരായ പ്രതിഷേധത്തിന്‍റ ഭാഗമായി വിരമിക്കല്‍ പ്രഖ്യാപിച്ച സാക്ഷി മാലിക്, പത്മശ്രീ തിരികെ നല്‍കിയ ബജ്രംഗ് പുനിയ എന്നിവര്‍ക്കു പിന്തുണയുമായി മറ്റൊരു താരം വിനേഷ് ഫോഗട്ടും. തനിക്കു ലഭിച്ച ഖേല്‍രത്ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് വിനേഷ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച തുറന്ന കത്തിലാണ് വിനേഷ് ഇക്കാര്യം അറിയിച്ചത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്ന് തവണ സ്വര്‍ണം നേടിയ താരത്തിന് 2016ലാണ് അര്‍ജുന അവാര്‍ഡ് ലഭിച്ചത്. 2020ല്‍ ഖേല്‍രത്നയും സമ്മാനിച്ചു.
ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ബ്രിജ് ഭൂഷണിന്‍റെ അടുപ്പക്കാരനായ സഞ്ജയ് സിംഗിനെ ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റായി ഈ മാസം 21നു തെരഞ്ഞെടുത്തിരുന്നു. ബ്രിജ് ഭൂഷണിന്‍റെ നിയന്ത്രണത്തില്‍ തന്നെ ഫെഡറേഷന്‍ തുടരുന്നതില്‍ പ്രതിഷേധിച്ചാണ് സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ബജ്രംഗ് പുനിയ പത്മശ്രീ തിരിച്ചുകൊടുക്കുകയും ചെയ്തത്.സമിതിയിലെ 15 അംഗങ്ങളില്‍ 13 പേരും ബ്രിജ്ഭൂഷണിന്‍റെ അനുയായികളാണ്. ഗുസ്തി താരങ്ങളുടെ പ്രതിഷേധം കടുത്തതോടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ കേന്ദ്ര കായിക മന്ത്രാലയം സസ്പെന്‍ഡു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *