വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ഇബ്രാഹിം അല്‍ ഹാഷ്മി അല്ഖുറേഷിയെ വധിക്കാനുള്ള ഓപ്പറേഷന് യുഎസ് സൈന്യം തയാറെടുത്തത് നിരവധി തവണത്തെ പരിശീലനത്തിനു ശേഷം.ഡിസംബര്‍ ആദ്യത്തോടെയാണ് ആക്രമണത്തിനുള്ള ആസൂത്രണം ആരംഭിച്ചത്. വടക്കുപടിഞ്ഞാറന്‍ സിറിയയി ലുള്ള ഇഡ്ലിബ് പ്രവിശ്യയിലെ അത്മേ പട്ടണത്തിലെ കെട്ടിടത്തില്‍ ഖുറേഷി ഉണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് ആക്രമണ പദ്ധതി തയാറാക്കിയത്.കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ താമസിച്ചിരുന്ന ഖുറേഷി അപൂര്‍വമായി മാത്രമായിരുന്നു പുറത്തുപോയിരുന്നത്. പുറം ലോകവുമായി സംവദിക്കാന്‍ അദ്ദേഹം പ്രത്യേക ദൂതന്മാരെയാണ് ആശ്രയിച്ചിരുന്നത്. അതിനാല്‍ ഖുറേഷിയെ ഒറ്റയ്ക്കു പിടികൂടുക എന്നത് വളരെ സങ്കീര്‍ണമായിരുന്നെന്ന് ഒരു ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
പ്രദേശത്ത് നിരവധി കുട്ടികളേയും കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ താമസിക്കുന്ന കുടുംബങ്ങളെയും ബാധിക്കാത്തതരത്തില്‍ ദൗത്യം രൂപപ്പെടുത്താനായിരുന്നു യുഎസ് സംഘം ശ്രമിച്ചത്.
ചൊവ്വാഴ്ച പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, സൈനിക മേധാവി ജനറല്‍ മാര്‍ക്ക് മില്ലി എന്നിവരുമായി നടത്തിയ ഓവല്‍ ഓഫീസ് കൂടിക്കാഴ്ചയിലാണ് പ്രപ്രസിഡന്റ് ബൗഡന് ദൗത്യത്തിന് അന്തിമ അനുമതി നല്‍കിയത്.യുഎസ് സേന എത്തിയതോടെ സ്വയം ബോംബ് സ്ഫോടനം നടത്തി അല്‍ഖുറേഷിയും സ്ത്രീകളും കുട്ടികളും അടക്കമുള്ള കുടുംബാംഗങ്ങളും മരിച്ചു.
ആറു കുട്ടികളും നാലു സ്ത്രീകളും അടക്കം 13 പേര് കൊല്ലപ്പെട്ടതായാണു റിപ്പോര്‍ട്ട്. യുഎസ് സേന ഹെലികോപ്റ്ററുകളിലെത്തി നടത്തിയ ആക്രമണം രണ്ടു മ ണിക്കൂറോളം നീണ്ടു. അത്മേ പട്ടണത്തില്‍ തുടര്‍ച്ചയായി വെടിവയ്പും സ്ഫോടനവും നടന്നതായി പ്രദേശവാസികള്‍ പറഞ്ഞു. യുഎസ് ആക്രമണത്തിന്റെ ഓരോ നിമിഷവും പ്രസിഡന്റ് ജോ ബൈഡനും സംഘവും നിരീക്ഷിച്ചിരുന്നു. ചാവേര്‍ സ്ഫോടനം നടത്തി ഖുറേഷി ജീവനൊടുക്കിയതിനെ അന്ത്യം ഉറപ്പായ ഭീരുവിന്റെ അവസാന പ്രവര്‍ത്തിയെന്നാണ് ബൈഡന് വിശേഷിപ്പിച്ചത്.
ഐഎസ് തലവനായിരുന്ന അബുബക്കര്‍ അ ല്ബാഗ്ദാദി കൊല്ലപ്പെട്ടതിനു സമാനമായിരുന്നു ഖുറേഷിയുടെ മരണവും. അബുബക്കര്‍ അല്‍ബാഗ്ദാദി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് 2019 ഒക്ടോബര്‍ 31നാണ് അല്‍ഖുറേഷി ഐഎസ് തലവനായി ചുമതലയേറ്റത്. അബുബക്കര്‍ അല്‍ബാഗ്ദാദി കൊല്ലപ്പെട്ടതും ഇഡ്ലിബ് പ്രവിശ്യയിലായിരുന്നു.