തിരുവനന്തപുരം : കാലത്തിനനുസൃതമായ മാറ്റത്തിലൂടെ ഖാദിയെ ജനകീയമാക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. ഓണം ഖാദി മേളയുടെ ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതയുടെ പ്രതീകമായ കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് സ്വീകാര്യതയേറുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആധുനീകരിച്ച ഷോറുമുകളും വ്യതസ്ത ഉല്‍പ്പന്നങ്ങും കൈത്തറിക്ക് സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു അഭിപ്രായപ്പെട്ടു.
മന്ത്രി വി ശിവന്‍കുട്ടി കേരള ഖാദി ലോഗോ പ്രകാശനം ചെയ്തു. ഡോക്ടേഴ്സ് നഴ്സസ് കോട്ടിന്‍റെ ആദ്യ വിതരണോദ്ഘാടനം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.തോമസ് മാത്യുവിന് നല്‍കി നിര്‍വഹിച്ചു. ഓണം ഖാദി മേളയുടെ സമ്മാനക്കൂപ്പണ്‍ ഉദ്ഘാടനവും നടന്നു. ഖാദി പഴയ ഖാദിയല്ലെന്ന സന്ദേശവുമായി ആഗസ്റ്റ് 2 മുതല്‍ സെപ്റ്റംബര്‍ 7വരെ ജില്ല അടിസ്ഥാനത്തിലാണ് മേള നടക്കുന്നത്. വിവിധ രീതിയില്‍ രൂപകല്‍പ്പന ചെയ്ത വ്യത്യസ്ത വസ്ത്രങ്ങള്‍ ചടങ്ങില്‍ അവതരിപ്പിച്ചു. ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും നല്‍കും. മേളയോടനുബന്ധിച്ചുള്ള സമ്മാനമായി പത്ത് പവന്‍ വരെ സ്വര്‍ണസമ്മാനവും നല്‍കും. ഒരു വീട്ടില്‍ ഒരു ജോഡി ഖാദി വസ്ത്രമെങ്കിലും വാങ്ങണമെന്ന പ്രചരണം കൂടി മേളയുടെ ഭാഗമായി നടത്തും. ചടങ്ങില്‍ ബോര്‍ഡ് സെക്രട്ടറി കെ എ രതീഷ് സ്വാഗതവും അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ കെ കെ ചാന്ദ്നി നന്ദിയും അറിയിച്ചു.