ഖലിസ്ഥാന്‍: നടപടി കടുപ്പിച്ച് എന്‍. ഐ.എ

Top News

ന്യൂഡല്‍ഹി: ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതകത്തില്‍ ഇന്ത്യ – കാനഡ പോര് മുറുകുന്നതിനിടെ ഖലിസ്ഥാന്‍ ഭീകരരുടെ പട്ടിക തയ്യാറാക്കി എന്‍.ഐ.എ. തീവ്രവാദികളുടെ സാമ്പത്തിക നിക്ഷേപത്തെ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളും എന്‍.ഐ.എക്ക് കിട്ടി. അതേസമയം, നിജ്ജറിന്‍റെ കൊലപാതകത്തില്‍ കാനഡ ഇനിയും തെളിവ് കൈമാറിയിട്ടില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.
ഖലിസ്ഥാന്‍ തീവ്രവാദത്തോട് കടുത്ത നിലപാടെന്ന തീരുമാനത്തിലാണ് എന്‍.ഐ.എ നടപടികള്‍ക്ക് വേഗം കൂട്ടുന്നത്.
ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെസ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിനൊപ്പം സിഖ്സ് ഫോര്‍ ജസ്റ്റിസ് തലവന്‍ ഗുര്‍പന്ത് വന്ത് സിംഗിന്‍റെ വീടും വസ്തുവകകളും കണ്ടുകെട്ടിയതും ആ നടപടിയുടെ ഭാഗമാണ്. അമേരിക്ക, കാനഡ, ബ്രിട്ടണ്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടന്ന ഖാലിസ്ഥാന്‍ ഭീകരുടെ പട്ടികയാണ് എന്‍.ഐ.എ തയ്യാറാക്കുന്നത്. 19 പേരുടെ വിവരങ്ങള്‍ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്കാകും ആദ്യം കടക്കുക. ഇവരെ കൈമാറാനും ആവശ്യപ്പെടും.ആഢംബര നൗകകളില്‍ മുതല്‍ സിനിമകളില്‍ വരെ ഭീകരര്‍ കാനഡയില്‍ സാമ്പത്തിക നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരവും എന്‍.ഐ.എക്ക് കിട്ടിയിട്ടുണ്ട്. തായ്ലന്‍ഡിലെ ക്ലബുകളിലും ബാറുകളിലും ഇവര്‍ക്ക് നിക്ഷേപമുണ്ട്. വിവരങ്ങള്‍ അതാത് രാജ്യങ്ങള്‍ക്ക് കൈമാറിയെങ്കിലും പ്രതികരണമില്ലെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.അതേസമയം നിജ്ജറിന്‍റെ കൊലപാതകത്തില്‍ കാനഡയുടെ രഹസ്യാന്വേഷണ വിഭാഗം ഒരു തെളിവും നല്‍കിയിട്ടില്ലെന്ന ഇന്ത്യ ആവര്‍ത്തിച്ചു. കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കിനെ കുറിച്ച് കാനഡക്ക് വ്യക്തമായ വിവരം കിട്ടിയിട്ടുണ്ടെന്ന കാനഡയിലെ യു.എസ് അംബാസിഡര്‍ ഡോവിഡ് കൊഹന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക നിലപാട് കടുപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *