ദോഹ: യൂറോകപ്പിന്െറയും കോപ അമേരിക്കയുടെയും ആവേശക്കൊടുമുടിക്കിടയില്നിന്നും കാല്പന്തു ലോകത്തിന്‍െറ വിശ്വപോരിലേക്ക് ഖത്തര്‍ കണ്‍തുറക്കുന്നു. 2022 നവംബര്‍ 21ന് കിക്കോഫ് കുറിക്കുന്ന 22ാമത് ലോകകപ്പിന് ഇനി കൃത്യം 500 ദിനങ്ങള്‍. കോവിഡ് മാഹാമാരിയില്‍ നിശ്ചലമായ ലോകം, പതിവ് ജീവിതത്തിലേക്ക് തിരികെയെത്തുമ്പോള്‍ അറേബ്യന്‍ മണ്ണ് ഉത്സവവേദിയായി മാറും.
91 വര്‍ഷം പാരമ്പര്യമുള്ള ഫുട്ബാള്‍ ലോകകപ്പ് ചരിത്രത്തിലെ വേറിട്ട ലോകകപ്പിനാണ് ഖത്തര്‍ വേദിയാവുന്നതെന്നാണ് സംഘാടകരുടെ അവകാശവാദം. അതു വെറും വീരവാദമല്ലെന്ന് ദോഹ നഗരവും പരിസര പ്രദേശങ്ങളും ഓര്‍മപ്പെടുത്തുന്നു. തയാറെടുപ്പുകളെല്ലാം ഏതാണ്ട് പൂര്‍ത്തിയായി. പന്തുരുളാന്‍ 16 മാസം ഇനിയും മുന്നിലുണ്ടെങ്കിലും ഖത്തറിന്‍െറ തയാറെടുപ്പെല്ലാം 90 ശതമാനത്തോളം പൂര്‍ത്തിയായി.
മറ്റുമഹാനഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തിടുക്കമില്ലാത്ത നഗരമാണ് ദോഹയെന്നാണ് വിശേഷണം. റോഡിലും, ഓഫിസുകളിലും, ഷോപ്പിങ് മാളുകളിലും എന്തിനേറെ, ആളുകളുടെ ശരീരഭാഷയിലുമെല്ലാമുണ്ട് ഈ മെല്ലെപ്പോക്ക്. പക്ഷേ, ഇപ്പോള്‍ ഒരു പെരുന്നാളിനെയോ കല്യാണത്തെയോ വരവേല്‍ക്കുന്ന പോലെ ധിറുതിയാണ് എല്ലായിടത്തും. നേരത്തേതന്നെ ഒരുക്കമെല്ലാം പൂര്‍ത്തിയാക്കി, ആഘോഷത്തലേന്ന് സ്വസ്ഥമായി ഇരിക്കണം എന്നാഗ്രഹിക്കുന്ന വീട്ടുകാരണവരെ പോലെ എല്ലായിടത്തും ലോകകപ്പിന്‍െറ ഓട്ടപ്പാച്ചില്‍.
ഖത്തര്‍ കാത്തിരിക്കുന്ന വിശ്വ ലോകകപ്പിന് ദിനങ്ങള്‍ ഇനിയുമേറെയുണ്ടെങ്കിലും ദോഹയിലും പരിസരങ്ങളിലും സഞ്ചരിച്ചാലറിയാം രാജ്യം തിടുക്കത്തിലാണെന്ന്. പകല്‍ സമയങ്ങളില്‍ 48 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂടും, കടുത്ത ഹുമിഡിറ്റിയുമായി വേനല്ക്കാലത്തില് രാജ്യം വേവുമ്പോള്‍ രാത്രിയെ പകലാക്കി നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നു. ഫ്ലഡ്ലൈറ്റ് വെളിച്ചത്തില്‍ പ്രധാന റോഡുകളുടെയും തുരങ്കപാതകളുടെയും, മെട്രോ റെയില്‍ നവീകരണവുമെല്ലാം അതിവേഗത്തില്‍ മുന്നോട്ടാണ്. പ്രധാന സിറ്റിയോട് ചേര്‍ന്നുള്ള പാതകളിലെല്ലാം പണി തകൃതി.
ഖത്തറിന്‍െറ മുഖമായ ദോഹ കോര്‍ണിഷില്‍ സൗന്ദര്യവത്കരണങ്ങള്‍ സജീവമായി മുന്നേറുന്നു. എട്ട് സ്റ്റേഡിയങ്ങളില്‍ നാലും നേരത്തേതന്നെ നിര്മാണങ്ങള്പൂര്ത്തിയാക്കി ക്ലബ് ലോകകപ്പും, അറബ് കപ്പ് യോഗ്യതാ റൗണ്ടും ഉള്‍പ്പെടെ മത്സരങ്ങള്‍ക്ക് വേദിയായി. രണ്ട് സ്റ്റേഡിയങ്ങള്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനായി കാത്തിരിക്കുന്നു. ഫൈനല്‍ വേദിയായ ലുസൈല്‍ സ്റ്റേഡിയവും, കടലിലേക്ക് ഇറങ്ങിനിന്ന് ആര്കിടെക്ച്വറല് വിസ്മയമായി മാറുന്ന റാസ് അബു അബുദ് സ്റ്റേഡിയവും ഫിനിഷിങ് പോയന്റിലേക്ക് നീളുന്നു.
മുന്‍ ലോകകപ്പുകള്‍ക്ക് വേദിയായ റഷ്യയിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം തയാറെടുപ്പുകള്‍ വൈകുമ്പോള്‍ കണ്ണുരുട്ടലും ഭീഷണിപ്പെടുത്തലുമെല്ലാമായി ഫിഫക്ക് പിടിപ്പതു പണിയായിരുന്നെങ്കില്‍ ഖത്തറില്‍ അവര്‍ക്ക് മേല്നോട്ടക്കാരന്െറ റോള്‍ മാത്രമാണ്. പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയും കൂട്ടരും മനസ്സില്‍ കണ്ടതിനെക്കാള്‍ വേഗത്തില്‍ സുപ്രീംകമ്മിറ്റി നേതൃത്വത്തില്‍ കാര്യങ്ങള്‍മുന്നോട്ട് നീക്കുന്നു.