ക്ഷേമം, ജനപ്രിയം

Kerala

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ അവസാന ബജറ്റ് ഇന്ന് നിയമസഭയില്‍ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് അവതരിപ്പിച്ചു. ക്ഷേമപദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കിയ ബജറ്റില്‍ ജനപ്രിയമായ പ്രഖ്യാപനങ്ങള്‍ ഉണ്ട്. സര്‍ക്കാറിന്‍റെ ഓരോ നേട്ടവും എണ്ണിപ്പറഞ്ഞ ധനമന്ത്രി അഞ്ചു വര്‍ഷത്തിനിടെ നേരിടേണ്ടി വന്ന പ്രതിസന്ധികളെ അവസരങ്ങളാക്കിയെന്ന് അവകാശപ്പെട്ടു.
പാലക്കാട് കുഴല്‍ മന്ദം സ്വദേശിയായ ഏഴാം ക്ലാസുകാരി സ്നേഹ എഴുതിയ കവിത ചൊല്ലിയാണ് ബജറ്റ് പ്രഖ്യാപനം ആരംഭിച്ചത്.സര്‍ക്കാര്‍ ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിച്ചു.കേരളത്തിന്‍റെ ആരോഗ്യ വകുപ്പിന്‍റെ കരുത്ത് ലോകമറിഞ്ഞെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് കോവിഡിന് സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാറിനു കഴിഞ്ഞു. ആരോഗ്യ വകുപ്പിന്‍റെ ചെലവ് നിയന്ത്രണം നീക്കി.
എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി.ഏപ്രില്‍ മുതല്‍ കൂടിയ പെന്‍ഷന്‍ ലഭിക്കും.20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ ജോലി ഉറപ്പാക്കും. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ വാങ്ങാന്‍ വായ്പ .രണ്ടു വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കാം. ആരോഗ്യ വകുപ്പില്‍ പുതുതായി 4000 തസ്തികകള്‍ സൃഷ്ടിക്കും .
കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ കാര്‍ഷിക നിയമത്തെ ധനമന്ത്രി വിമര്‍ശിച്ചു.വിവിധ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണവില വര്‍ദ്ധിപ്പിച്ചു. നാളികേരം ക്വിന്‍റലിന് 31 രൂപ. നെല്ലിന് 28 രൂപ എന്നിങ്ങനെയാണ് വര്‍ദ്ധിപ്പിച്ചത്. റബ്ബറിന്‍റെ താങ്ങുവില 170 രൂപയാക്കി.
സ്ത്രീകളെ കേന്ദ്രീകരിച്ച് നൈപുണ്യവികസന പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീക്ക് 5 കോടി വകയിരുത്തി. 14 ജില്ലകളില്‍ 600ഓഫീസുകള്‍ ഉള്‍പ്പെടുന്ന കെ ഫോണ്‍ പദ്ധതി ഫെബ്രുവരിയില്‍ തുടക്കമാകും. ഇന്‍റര്‍നെറ്റ് വിതരണത്തില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യ അവസരം നല്‍കും. കെ ഫോണിന് 166 കോടി വകയിരുത്തി.
കിഫ് ബിക്കെതിരെ സംഘടിത നീക്കങ്ങള്‍ ചില നിക്ഷിപ്ത കേന്ദ്രങ്ങള്‍ അണിയറയില്‍ നടത്തിക്കൊണ്ടിരിക്കയാണെന്ന് ധനമന്ത്രി ആരോപിച്ചു.
തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 100 കോടി വകയിരുത്തി. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും അനുവദിച്ചു. പദ്ധതിയുടെ ഭാഗമായി മടങ്ങി വരുന്നവരുടെ പട്ടിക തയ്യാറാക്കും. മടങ്ങി വരുന്നവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി വീണ്ടും വിദേശത്ത് പോകാന്‍ സഹായം ലഭ്യമാക്കും.പ്രവാസി ക്ഷേമനിധിക്ക് ഒമ്പതു കോടി രൂപ അനുവദിക്കും

Leave a Reply

Your email address will not be published. Required fields are marked *