തിരുവനന്തപുരം: സംസ്ഥാനത്ത് താറാവ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുമെന്നും പക്ഷിപ്പനി ബാധിത മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രത്യേക കമ്മറ്റിയെ നിയോഗിക്കുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി.
നഷ്ടം സംഭവിച്ചവരുടെ കണക്കെടുപ്പ് പുരോഗമിക്കുന്നതായും നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ ചത്ത സംഭവത്തില്‍ കര്‍ഷകര്‍ക്ക് ഇനിയും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. നഷ്ടപരിഹാരം ഇനിയും വൈകിയാല്‍ കുടുംബം പ്രതിസന്ധിയിലാകുമെന്ന് കര്‍ഷകര്‍ പറഞ്ഞു. താറാവ് ഒന്നിന് 200 രൂപയാണ് വില. ഇത് വര്‍ധിപ്പിക്കണമെന്ന് കര്‍ഷകര്‍ ആവശ്യം ഉന്നയിച്ചു. പനി ബാധിച്ച് ചത്ത താറാവുകളുടെ വില കൂടി നഷ്ടപരിഹാരത്തുകയില്‍ ഉള്‍പ്പെടുത്തണമെന്നും ഇറച്ചിയും മുട്ടയും സര്‍ക്കാര്‍ നേരിട്ട് ശേഖരിച്ച് വില്‍പ്പന നടത്താന്‍ സംവിധാനമൊരുക്കണമെന്നും കര്‍ഷകര്‍ പറയുന്നു. തറാവ് കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുണ്ട്.