ദോഹ: നിലവിലെ റണ്ണറപ്പായ ക്രോയേഷ്യയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് മൊറോക്കോ. ലോകകപ്പില്‍ ഗ്രൂപ്പ്എഫില്‍ നടന്ന മത്സരത്തില്‍ അവസരങ്ങള്‍ ഒട്ടേറെ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ക്രോയേഷ്യക്കോ മൊറോക്കോക്കോ ആയില്ല. ഗോള്‍ പിറന്നില്ലെങ്കിലും ആക്രമണവും പ്രത്യാക്രമണവുമായി മത്സരംആവേശഭരിതമായിരുന്നു. എന്നാല്‍ ഗോള്‍ മാത്രം കാണാനായില്ല. ഫിനിഷിംഗിലെ പോരായ്മയാണ് ഇരു ടീമുകള്‍ക്കും വിനയായത്. കളിയുടെ തുടക്കത്തില്‍ ക്രോയേഷ്യക്കായിരുന്നു ആധിപത്യമെങ്കിലും മൊറോക്കോ പ്രത്യാക്രമണം അഴിച്ചുവിട്ടതോടെ മത്സരം ആവേശഭരിതമായി.
ആറാം മിനിറ്റില്‍ ക്രോയേഷ്യ കോര്‍ണര്‍ നേടിയെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. ഒമ്പതാം മിനിറ്റില്‍ മൊറോക്കോയുടെ പ്രത്യാക്രമണം കണ്ടു.ക്രോയേഷ്യന്‍ ഗോള്‍മുഖത്തേക്ക് തുടര്‍ച്ചയായി ആക്രമിച്ച മൊറോക്കോയ് ക്ക് 22ാം മിനിറ്റില്‍ ബോക്സിന് പുറത്ത് ലൂക്ക മോഡ്രിച്ചിന്‍റെ ഫൗളില്‍ ഫ്രീകിക്ക് ലഭിച്ചെങ്കിലും അവസരം പാഴാവുന്നതാണ് കണ്ടത്.
പിന്നീട് ക്രൊയേഷ്യ മത്സരത്തിലേക്ക് തിരിച്ചുവന്നു.ആദ്യ പകുതിയില്‍ പലതവണ മൊറോക്കന്‍ ഗോള്‍മുഖത്ത് അപകടകരമായ നീക്കങ്ങള്‍ അവര്‍ നടത്തി.
രണ്ടാം പകുതിയില്‍ മദ്ധ്യനിര കേന്ദ്രീകരിച്ചാണ് കളി കൂടുതല്‍ നടന്നത്. മത്സരത്തിന്‍റെ നിയന്ത്രണം പിടിച്ചു പറ്റാന്‍ ഇരുട്ടിമുകളിലെയും വിഡ്ഫീല്‍ഡര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചു.64ാം മിനിറ്റില്‍ മൊറോക്കോ താരം ഹാക്കിമിയുടെ ഷോട്ട് ക്രൊയേഷ്യന്‍ ഗോള്‍മുഖം വിറപ്പിച്ചു. 72ാം മിനിറ്റിലും 81-ാം മിനിറ്റിലും ലഭിച്ച ഫ്രീ കിക്ക് മുതലാക്കാന്‍ ക്രോയേഷന്‍ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചിനും കഴിഞ്ഞില്ല.
ഇരുടീമുകളും ആക്രമണ ഫുട്ബോളാണ് കളിച്ചതെങ്കിലും ഗോളടിക്കാന്‍ കഴിയാത്തത് വിരോധാഭാസമായി. ഫിനിഷിംഗിലെ പോരായ്മയും ഗോള്‍ കീപ്പര്‍മാരുടെ മികവും മത്സരം ഗോള്‍ രഹിതമാകാന്‍ കാരണമായി. 27ന് ബെല്‍ജിയവുമായാണ് മൊറോക്കോയുടെ അടുത്ത മത്സരം. കാനഡയാണ് ക്രോയേഷ്യയുടെ അടുത്തഎതിരാളികള്‍.