മോസ്കോ: പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനെ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ അമേരിക്കയാണെന്ന് റഷ്യ.യുഎസിന്‍റെ ഉത്തരവ് അനുസരിച്ചാണ് യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് പുടിന്‍റെ വക്താവ് ദിമിത്രി പെസ്കോവ് ആരോപിച്ചു.ക്രെംലിനെ ലക്ഷ്യമിട്ട ആക്രമണത്തിന്‍റെ ഉത്തരവാദിത്വം നിരാകരിക്കാനുള്ള യുക്രെയ്ന്‍റെയും അമേരിക്കയുടെയും ശ്രമങ്ങള്‍ പരിഹാസ്യമാണ്. ഇത്തരം ആക്രമണങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങള്‍ കീവില്‍ അല്ല, വാഷിംഗ്ടണില്‍നിന്നാണെന്ന് തങ്ങള്‍ക്ക് നന്നായി അറിയാം. ക്രെംലിന്‍ ആക്രമണം സംബന്ധിച്ച അന്വേഷണം നടന്നുവരികയാണെന്നും പെസ്കോവ് പറഞ്ഞു.
ഡ്രോണ്‍ ആക്രമണം സംബന്ധിച്ച് ഉത്തരം ലഭിക്കാതെ പോകരുതെന്നും ഇത് കാണിക്കുന്നത് 15 മാസത്തോളം നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്ന് താല്‍പര്യമില്ലെന്നാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.റഷ്യയുടെ ആരോപണം അമേരിക്ക നിഷേധിച്ചു. പെസ്കോവ് നുണ പറയുകയാണെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. അതിര്‍ത്തിക്ക് പുറത്ത് ആക്രമണം നടത്താന്‍ യുക്രെയ്നെ അമേരിക്ക പ്രോത്സാഹിപ്പിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ല. ക്രെംലിനില്‍ എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.