പനാജി: ലോകഫുട്ബോളിന്‍റെ ആവേശമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോവയില്‍. പനാജിയിലാണ് ഫുട്ബോള്‍ ആരാധകര്‍ക്കായി കായിക വകുപ്പിന്‍റെ കൂടി പിന്തുണയോടെ സൂപ്പര്‍താരത്തിന്‍റെ പ്രതിമ സ്ഥാപിച്ചത്.കാലാന്‍ഗൂതേ മേഖലയിലെ നഗരചത്വരത്തിലാണ് പോര്‍ച്ചുഗലിന്‍റെ ഫുട്ബോള്‍ താരത്തിന്‍റെ വെങ്കലനിറത്തിലുള്ള പൂര്‍ണ്ണകായ പ്രതിമയുള്ളത്.ഗോവയിലെ ഫുട്ബോള്‍ ആരാധകര്‍ക്കായി 410 കിലോ ഭാരമുള്ള പ്രതിമയാണ് ഉയര്‍ന്നത്. ആറടി ഉയരത്തില്‍ പന്തുമായി താരം മുന്നേറുന്ന രീതിയിലാണ് പ്രതിമ.12 ലക്ഷം രൂപയാണ് പ്രതിമയ്ക്ക് ചിലവായത്. ഇന്ത്യയില്‍ ഇതാദ്യമായാണ് ക്രിസ്റ്റ്യാനോയുടെ പ്രതിമ സ്ഥാപിക്കപ്പെടുന്നത്.
‘ഇത് എല്ലാ യുവാക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു. ഫുട്ബോളിനെ നിങ്ങള്‍ക്ക് മറ്റൊരു ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കണമെങ്കില്‍ എല്ലാവരും മാതൃകയാക്കേണ്ട താരം ക്രിസ്റ്റ്യാനോ തന്നെയാണ്. സംസ്ഥാന കായികവകുപ്പും, മുന്‍സിപ്പാലിറ്റിയും പഞ്ചായത്തുകളും ഒരു പോലെ ഫുട്ബോളിനെ സ്നേഹിക്കുന്നു.
സംസ്ഥാനത്തെ കുട്ടികള്‍ക്കും യുവതിയുവാക്കള്‍ക്കും കായിക ലോകത്ത് തിളങ്ങാനുള്ള എല്ലാ അവസരവും ഒരുക്കുകയാണ്.’ ഗോവ മന്ത്രി മൈക്കിള്‍ ലോബോ പറഞ്ഞു. ക്രിസ്റ്റ്യാനോയുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ തുടക്കത്തില്‍ ചിലര്‍ രംഗത്തെത്തി യതിനെ മന്ത്രി വിമര്‍ശിച്ചു.
ലോകത്തെ എല്ലാ രാജ്യങ്ങളും കളിക്കുന്ന കായിക ഇനമാണ് ഫുട്ബോള്‍. ഏതു കോണിലെ പ്രതിഭകളും ലോകശ്രദ്ധനേടുന്നകാലമാണിത്. ആ നിലയ്ക്ക് നമ്മുടെ നാട്ടിലെ ഒരുകൊച്ചുകുട്ടിയുടെ പോലും ആരാധനാപാത്രമായ ക്രിസ്റ്റ്യാനോയുടെ പ്രതിമയെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും ലോബോ പറഞ്ഞു.